കോച്ചിനെ തിരെഞ്ഞെടുക്കുമ്പോൾ ചിന്തിക്കണമെന്ന് പറഞ്ഞത് ഇതിനാണോ? ഇന്ത്യൻ പരിശീലകനാകാൻ താത്പര്യം പ്രകടിപ്പിച്ച് ഗാംഗുലി

അഭിറാം മനോഹർ

ബുധന്‍, 5 ജൂണ്‍ 2024 (19:02 IST)
ടി20 ലോകകപ്പ് പൂര്‍ത്തിയാക്കുന്നതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനം ഉപേക്ഷിക്കുമെന്നാണ് നിലവിലെ ഇന്ത്യന്‍ പരിശീലകനായ രാഹുല്‍ ദ്രാവിഡ് അറിയിച്ചിട്ടുള്ളത്. ദ്രാവിഡിന്റെ ഈ തീരുമാനത്തിന് പിന്നാലെ പരിശീലകസ്ഥാനത്തേക്ക് പുതിയ ഒരാളെ കൊണ്ടുവരാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോവുകയാണ് ബിസിസിഐ. ദ്രാവിഡിന് പകരം ഇന്ത്യക്കാരനായ ഒരു താരത്തെ തന്നെ പരിശീലകനാക്കാനാണ് ബിസിസിഐയ്ക്ക് താത്പര്യമെങ്കിലും കോച്ച് സ്ഥാനത്തിനായി ബിസിസിഐ അപേക്ഷകള്‍ ക്ഷണിച്ചിരുന്നു. നിലവില്‍ മുന്‍ ഇന്ത്യന്‍ താരങ്ങളായ ഗൗതം ഗംഭീര്‍,വിവിഎസ് ലക്ഷ്മണ്‍ എന്നിവരെയാണ് പരിശീലകസ്ഥാനത്തിനായി ബിസിസിഐ പരിഗണിക്കുന്നത്.
 
എന്നാല്‍ ദേശീയ ക്രിക്കറ്റ് അക്കാദമി ചെയര്‍മാനായ വിവിഎസ് ലക്ഷ്മണ്‍ മുഴുവന്‍ സമയ പരിശീലകനാകാന്‍ സാധ്യത കുറവാണ്. നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മെന്ററായ ഗൗതം ഗംഭീര്‍ ഐപിഎല്ലിലെ തന്റെ ചുമതലകള്‍ ഒഴിഞ്ഞ് ഇന്ത്യന്‍ പരിശീലസ്ഥാനം ഏടെടുക്കുമോ എന്നും വ്യക്തമല്ല. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീം പരിശീലകനാകാന്‍ താത്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി. അടുത്തിടെ ഇന്ത്യന്‍ പരിശീലകനാകുന്നത് വലിയ ബഹുമതിയാണെന്ന് ഗൗതം ഗംഭീര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ഇത്തരം തീരുമാനം വിവേകത്തോടെ കൈകൊള്ളണമെന്ന് ഗാംഗുലി അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ പറ്റിയുള്ള ചര്‍ച്ചകള്‍ കെട്ടടങ്ങും മുന്‍പാണ് ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ താത്പര്യമുള്ളതായി ഗാംഗുലി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍