രാഹുല്‍ ദ്രാവിഡ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പോടെ ഇന്ത്യന്‍ ടീം പരിശീലക സ്ഥാനം ഉപേക്ഷിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകനെ തേടുകയാണ് ബിസിസിഐ. ഇതിനായി അപേക്ഷകള്‍ ക്ഷണിച്ചിരുന്നെങ്കിലും ദ്രാവിഡിന് പകരം ആര് ഇന്ത്യന്‍ ടീം പരിശീലകനാകുമെന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല. മുന്‍ ഇന്ത്യന്‍ താരമായ ഗൗതം ഗംഭീറിനെ പരിശീലകനാക്കണമെന്ന മുറവിളി പലയിടങ്ങളില്‍ നിന്നും ഉയരുമ്പോഴും സീനിയര്‍ താരങ്ങളില്‍ പലര്‍ക്കും ദ്രാവിഡ് ടീമില്‍ തുടരണമെന്ന ആവശ്യമാണുള്ളത്.
ഇപ്പോഴിതാ ഇക്കാര്യം പരസ്യമായി തുറന്നു സംസാരിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മ. ദ്രാവിഡിനോട് ഇന്ത്യന്‍ പരിശീലകനായി തുടരണമെന്ന് ബോധ്യപ്പെടുത്താന്‍ താന്‍ ശ്രമിച്ചിരുന്നതായാണ് രോഹിത് വ്യക്തമാക്കിയത്. ദ്രാവിഡിന് ഇന്ത്യന്‍ ടീമിന് വേണ്ടി ഇനിയും ഏറെ കാര്യങ്ങള്‍ ചെയ്യാനാകുമെന്നാണ് ഞാന്‍ കരുതുന്നത്. ഇക്കാര്യം അദ്ദേഹത്തെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കോച്ചായി തുടരാന്‍ താത്പര്യമില്ലെന്നാണ് ദ്രാവിഡ് അറിയിച്ചതെന്ന് രോഹിത് പറഞ്ഞിരുന്നു. 2023 ഏകദിന ലോകകപ്പോടെ ദ്രാവിഡുമായുള്ള കരാര്‍ അവസാനിച്ചിരുന്നെങ്കിലും ടി20 ലോകകപ്പ് വരെ ടീമിനൊപ്പം തുടരാന്‍ ദ്രാവിഡ് തീരുമാനിച്ചത് ബിസിസിഐ സമ്മര്‍ദ്ദം മൂലമായിരുന്നു.