സഞ്ജു നിരാശനാകേണ്ട, ഇന്ത്യയുടെ ലോകകപ്പ് ബാറ്റിംഗ് ലൈനപ്പ് ഇനിയും തീരുമാനിച്ചിട്ടില്ലെന്ന് രോഹിത് ശർമ

അഭിറാം മനോഹർ

ഞായര്‍, 2 ജൂണ്‍ 2024 (10:28 IST)
ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് എങ്ങനെയാകണമെന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനത്തില്‍ എത്തിയിട്ടില്ലെന്ന് ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മ. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുക എന്നത് മാത്രമാണ്1 ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ടീം നോക്കിയിട്ടുള്ളുവെന്നും രോഹിത് പറഞ്ഞു. സന്നാഹമത്സരത്തില്‍ ബംഗ്ലാദേശിനെതിരെ 60 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. പതിവ് ലൈനപ്പില്‍ നിന്നും വ്യത്യസ്തമായാണ് മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ബാറ്റിംഗിന് ഇറങ്ങിയിരുന്നത്.
 
ഇന്ന് കാര്യങ്ങള്‍ എങ്ങനെ പോയി എന്നതില്‍ സന്തോഷമുണ്ട്. പുതിയ സാഹചര്യങ്ങളുമായി ടീം പൊരുത്തപ്പെടുക എന്നത് പ്രധാനമാണ്. പുതിയ ഗ്രൗണ്ട്,പുതിയ വേദി ഇവിടെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. ഈ കളിയില്‍ നിന്നും എന്താണോ വേണ്ടത് അത് ടീമിന് ലഭിച്ചു. പന്തിന് ബാറ്റിംഗില്‍ അവസരം നല്‍കാനായി മാത്രമാണ് മൂന്നാമനായി ഇറക്കിയത്. ഇതുവരെയും ലോകകപ്പിലെ ബാറ്റിംഗ് നിര എങ്ങനെയാകണമെന്ന് ഉറപ്പിച്ചിട്ടില്ല. ടീമിലെ മിക്ക താരങ്ങള്‍ക്കും ബാറ്റിംഗില്‍ അവസരം ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഞങ്ങള്‍ക്ക് ഇവിടെ 15 മികച്ച കളിക്കാരുണ്ട്. സാഹചര്യങ്ങള്‍ മനസിലാക്കി മികച്ച താരങ്ങളെ തിരെഞ്ഞെടുക്കേണ്ടതുണ്ട്. രോഹിത് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍