Shaheen Afridi: റിസ്വാനെ നീക്കി പാക്കിസ്ഥാന്‍; ഏകദിനത്തില്‍ ഷഹീന്‍ നയിക്കും

രേണുക വേണു

ചൊവ്വ, 21 ഒക്‌ടോബര്‍ 2025 (09:24 IST)
Shaheen Shah Afridi

Shaheen Afridi: പാക്കിസ്ഥാന്‍ ഏകദിന നായകസ്ഥാനത്തേക്ക് ഷഹീന്‍ ഷാ അഫ്രീദി. മുഹമ്മദ് റിസ്വാനെ നീക്കിയാണ് ഷഹീന്‍ പാക്കിസ്ഥാനെ നയിക്കാന്‍ നിയുക്തനായിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഷഹീന്‍ അഫ്രീദി പാക്കിസ്ഥാന്റെ നായകസ്ഥാനം ഏറ്റെടുക്കും. 
 
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് റാവല്‍പിണ്ടിയില്‍ പുരോഗമിക്കുന്നതിനിടെയാണ് ഏകദിന ഫോര്‍മാറ്റില്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് പുതിയ നായകനെ പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ നാല് മുതല്‍ എട്ട് വരെയുള്ള ദിവസങ്ങളിലായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് ഏകദിനങ്ങളാണ് പാക്കിസ്ഥാന്‍ കളിക്കുക. 
 
പാക്കിസ്ഥാന്‍ സെലക്ഷന്‍ കമ്മിറ്റിയും പരിമിത ഓവര്‍ ക്രിക്കറ്റ് മുഖ്യ പരിശീലകന്‍ മൈക്ക് ഹസിയും തമ്മില്‍ ഇസ്ലമാബാദില്‍ വെച്ച് നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് പുതിയ നായകനെ പ്രഖ്യാപിച്ചിരിക്കുന്നത്. റിസ്വാനെ നീക്കിയതിനു കാരണം പാക് ക്രിക്കറ്റ് ബോര്‍ഡ് വെളിപ്പെടുത്തിയിട്ടില്ല. നായകസ്ഥാനത്തു നിന്ന് മാറ്റിയതിനെ കുറിച്ച് റിസ്വാനും പ്രതികരിച്ചില്ല. 
 
ആദ്യമായാണ് ഷഹീന്‍ അഫ്രീദി ഏകദിനത്തില്‍ പാക്കിസ്ഥാനെ നയിക്കാന്‍ പോകുന്നത്. മൂന്ന് ഫോര്‍മാറ്റുകളിലുമായി പാക്കിസ്ഥാനു വേണ്ടി 194 മത്സരങ്ങള്‍ ഷഹീന്‍ അഫ്രീദി കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ മാത്രം 131 വിക്കറ്റുകള്‍ ഷഹീന്‍ നേടിയിട്ടുണ്ട്. 2018 ലാണ് ഷഹീന്‍ പാക്കിസ്ഥാനായി രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍