ഇനി യുവതാരങ്ങൾ മതി, ടി20യിൽ വമ്പൻ അഴിച്ചുപണിക്കൊരുങ്ങി പാകിസ്ഥാൻ, ഇനി ബാബറിനും റിസ്‌വാനും അഫ്രീദിക്കും ഇടമില്ല

അഭിറാം മനോഹർ

വെള്ളി, 13 ജൂണ്‍ 2025 (17:40 IST)
പാക് ക്രിക്കറ്റ് ടീമിലെ സീനിയര്‍ താരങ്ങളായ ബാബര്‍ അസമിനെയും ഷഹീന്‍ അഫ്രീദിയേയും മുഹമ്മദ് റിസ്വാനെയും ഇനി പാകിസ്ഥാന്‍ ടി20 ടീമിലേക്ക് പരിഗണിക്കില്ലെന്ന് വ്യക്തമാക്കി പാക് സെലക്ടര്‍മാര്‍. വര്‍ഷങ്ങളായി പാകിസ്ഥാന്‍ ടീമിന്റെ നെടുന്തൂണുകളാണെങ്കിലും ടി20 ക്രിക്കറ്റില്‍ സമീപകാലത്തൊന്നും മികച്ച പ്രകടനങ്ങള്‍ നടത്താന്‍ സീനിയര്‍ താരങ്ങള്‍ക്കായിട്ടില്ല.
 
 പവര്‍ പ്ലേയില്‍ ഓപ്പണര്‍ താരങ്ങളായ ബാബര്‍ അസമിന്റെയും റിസ്വാന്റെയും മെല്ലെപോക്ക് പാകിസ്ഥാന്‍ സ്‌കോറിംഗിനെ ബാധിച്ചിരുന്നു. ബൗളിംഗില്‍ വിക്കറ്റ് വീഴ്ത്തുന്നതില്‍ അഫ്രീദി പരാജയപ്പെടുന്നതും കൂടുതല്‍ റണ്‍സ് വഴങ്ങുന്നതും ടീമിന് തിരിച്ചടിയായിരുന്നു. ഇതോടെയാണ് 3 താരങ്ങളെയും ടി20 ഫോര്‍മാറ്റില്‍ തത്കാലം പരിഗണിക്കേണ്ടതില്ലെന്ന് അഖ്വിബ് ജാവേദിന്റെ നേതൃത്വത്തിലുള്ള പാക് സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചത്. ഇതോടെ വരാനിരിക്കുന്ന വെസ്റ്റിന്‍ഡീസിനെതിരെയും ബംഗ്ലാദേശിനെതിരെയുമുള്ള ടി20 പരമ്പരകള്‍ക്ക് 3 താരങ്ങലെയും പരിഗണിക്കില്ല. ഇക്കാര്യം മൂന്ന് താരങ്ങളെയും നേരിട്ട് അറിയിച്ചിട്ടുണ്ടെന്നും സെലക്ടര്‍മാര്‍ വ്യക്തമാക്കി. സീനിയര്‍ താരങ്ങളോട് ടെസ്റ്റിലും ഏകദിനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പരിശീലകനായ മൈക് ഹെസ്സനും നിര്‍ദേശിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍