മുതിര്‍ന്ന താരങ്ങളുടെ അസാന്നിധ്യത്തില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പരമാവധി ശ്രമിക്കണമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനു ഇടക്കാല പരിശീലകന്‍ സനത് ജയസൂര്യയുടെ ഉപദേശം. വിരാട് കോലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവര്‍ ട്വന്റി 20 യില്‍ ഇല്ലാത്തതിനാല്‍ അവരുടെ അഭാവം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്നാണ് ജയസൂര്യ ടീം അംഗങ്ങള്‍ക്ക് ഉപദേശം നല്‍കിയത്.
' രോഹിത് ശര്‍മയും വിരാട് കോലിയും ലോകോത്തര കളിക്കാരാണ്. അവരുടെ കഴിവും അവര്‍ ക്രിക്കറ്റ് കളിക്കുന്ന രീതിയും കണ്ടിട്ടുള്ളതിനാല്‍ അവര്‍ എത്രത്തോളം മികവുറ്റവരാണെന്ന് നമുക്ക് അറിയാം, ജഡേജയും അങ്ങനെ തന്നെ. ഇവര്‍ മൂന്ന് പേരുടെയും അഭാവം ഇന്ത്യക്ക് വലിയ നഷ്ടം തന്നെയാണ്. അതില്‍ നിന്ന് പരമാവധി നമ്മള്‍ പ്രയോജനപ്പെടുത്തണം,' ജയസൂര്യ പറഞ്ഞു.
ജൂലൈ 27 ശനിയാഴ്ച മുതലാണ് ഇന്ത്യ-ശ്രീലങ്ക ട്വന്റി 20 പരമ്പര ആരംഭിക്കുക. മൂന്ന് മത്സരങ്ങളാണ് ടി20 പരമ്പരയില്‍ ഉള്ളത്. അതിനു ശേഷം മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയും ഇന്ത്യ ശ്രീലങ്കയില്‍ കളിക്കും.