New Zealand in Champions Trophy Final: ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യക്ക് എതിരാളികള്‍ ന്യൂസിലന്‍ഡ്. സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് ന്യൂസിലന്‍ഡ് ഫൈനലില്‍ എത്തിയത്. മാര്‍ച്ച് 9 ഞായറാഴ്ച ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ചാണ് ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനല്‍. ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചാണ് ഇന്ത്യ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ എത്തിയത്.
ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമി ഫൈനലില്‍ 50 റണ്‍സിനാണ് ന്യൂസിലന്‍ഡ് ദക്ഷിണാഫ്രിക്കയെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 362 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സെടുക്കാനേ ദക്ഷിണാഫ്രിക്കയ്ക്കു സാധിച്ചുള്ളൂ. ഡേവിഡ് മില്ലറുടെ വെടിക്കെട്ട് സെഞ്ചുറി പാഴായി. 67 പന്തില്‍ 10 ഫോറും നാല് സിക്‌സും സഹിതം 100 റണ്‍സ് നേടി മില്ലര്‍ പുറത്താകാതെ നിന്നു. റാസി വാന്‍ ഡേഴ്‌സണ്‍ (66 പന്തില്‍ 69), നായകന്‍ തെംബ ബാവുമ (71 പന്തില്‍ 56) എന്നിവരും ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി പൊരുതി നോക്കി.
ന്യൂസിലന്‍ഡിനായി 10 ഓവറില്‍ 43 റണ്‍സ് മാത്രം വഴങ്ങി നായകന്‍ മിച്ചല്‍ സാന്റ്‌നര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഗ്ലെന്‍ ഫിലിപ്‌സിനും മാറ്റ് ഹെന്‍ റിക്കും രണ്ട് വീതം വിക്കറ്റുകള്‍. രചിന്‍ രവീന്ദ്ര (101 പന്തില്‍ 108), കെയ്ന്‍ വില്യംസണ്‍ (94 പന്തില്‍ 102) എന്നിവരുടെ സെഞ്ചുറികളാണ് കിവീസിനു കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.