India vs Australia, 4th Test; മെല്‍ബണില്‍ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റില്‍ ആതിഥേയര്‍ക്കു മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ 35 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 134 റണ്‍സ് നേടിയിട്ടുണ്ട്. 103 പന്തില്‍ ആറ് ഫോറുകള്‍ അടക്കം 50 റണ്‍സ് നേടിയ ഉസ്മാന്‍ ഖവാജയും 45 പന്തില്‍ 21 റണ്‍സുമായി മര്‍നസ് ലബുഷെയ്‌നും ആണ് ക്രീസില്‍.
ഖവാജയ്‌ക്കൊപ്പം ഓപ്പണറായി എത്തിയ 19 കാരന്‍ സാം കൊന്‍സ്റ്റാസ് തുടക്കം മുതല്‍ ഇന്ത്യയെ വിറപ്പിച്ചു. 65 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 60 റണ്‍സ് നേടിയാണ് കൊന്‍സ്റ്റാസ് പുറത്തായത്. സാം കൊന്‍സ്റ്റാസിന്റെ അരങ്ങേറ്റ മത്സരം കൂടിയാണ് ഇത്. രവീന്ദ്ര ജഡേജയാണ് കൊന്‍സ്റ്റാസിനെ പുറത്താക്കിയത്.
ശുഭ്മാന്‍ ഗില്‍ ഇല്ലാതെയാണ് ഇന്ത്യ ഇന്ന് ഇറങ്ങിയിരിക്കുന്നത്. യശസ്വി ജയ്‌സ്വാളിനൊപ്പം കെ.എല്‍.രാഹുല്‍ തന്നെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. രോഹിത് ശര്‍മ മൂന്നാമനായി ക്രീസിലെത്തും. വിരാട് കോലി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവരും പ്ലേയിങ് ഇലവനില്‍ ഉണ്ട്.