ഏകദിന ടീമില്‍ നിന്നും റിഷഭ് പന്ത് പുറത്തേക്കോ?, കെ എല്‍ രാഹുലിന്റെ ബാക്കപ്പായി സഞ്ജു ചാമ്പ്യന്‍സ് ട്രോഫി ടീമില്‍?

അഭിറാം മനോഹർ

ബുധന്‍, 25 ഡിസം‌ബര്‍ 2024 (11:40 IST)
ഐസിസി ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്കുള്ള സമയക്രമവും വേദിയും ഇന്നലെയാണ് ഐസിസി പുറത്തുവിട്ടത്. പാകിസ്ഥാനില്‍ കളിക്കാന്‍ ഇന്ത്യ തയ്യാറാകാതിരുന്നതോടെ പാകിസ്ഥാനിലും യുഎഇയിലുമായാകും മത്സരങ്ങള്‍ നടക്കുക. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 23നാണ് ഇന്ത്യ- പാകിസ്ഥാന്‍ ഗ്ലാമര്‍ പോരാട്ടം. മാര്‍ച്ച് രണ്ടിന് ന്യൂസിലന്‍ഡിനെതിരെയാണ് മറ്റൊരു ഗ്രൂപ്പ് മത്സരം.
 
 ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി 3 ഏകദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. ഇതേ ടീം തന്നെയാകും ചാമ്പ്യന്‍സ് ട്രോഫിയിലും കളിക്കുക.ടെസ്റ്റില്‍ റിഷഭ് പന്ത് നിറം മങ്ങിയതോടെ സഞ്ജു സാംസണ്‍ ടീമിലെത്തുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സീനിയര്‍ താരങ്ങളില്‍ പലരുടെയും അവസാന ടൂര്‍ണമെന്റ് ആകാന്‍ സാധ്യതയുള്ളതിനാല്‍ യുവതാരങ്ങള്‍ക്ക് ടീമില്‍ അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്.
 
 രോഹിത് ശര്‍മ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നീ സീനിയര്‍ താരങ്ങള്‍ക്കൊപ്പം മുഹമ്മദ് ഷമി ടീമില്‍ തിരിച്ചെത്തിയേക്കും. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ മോശം പ്രകടനം തുടരുന്ന റിഷഭ് പന്തിനെ മാറ്റിനിര്‍ത്തുകയാണെങ്കില്‍ കെ എല്‍ രാഹുലാകും ടീമിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. ഇതോടെ സഞ്ജു സാംസണ്‍ ബാക്കപ്പ് കീപ്പറാകും. ജസ്പ്രീത് ബുമ്ര, അര്‍ഷദീപ് സിംഗ് എന്നിവര്‍ ബൗളിംഗ് നിരയെ നയിക്കുമ്പൊള്‍ ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ് എന്നിവര്‍ ട്രാവല്‍ റിസര്‍വ് ആയി ടീമില്‍ ഇടം നേടിയേക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍