കുൽദീപും അക്ഷറും ഉള്ളപ്പോൾ എന്തുകൊണ്ട് തനുഷ് കൊട്ടിയൻ ?, കാരണം വ്യക്തമാക്കി രോഹിത് ശർമ

അഭിറാം മനോഹർ

ചൊവ്വ, 24 ഡിസം‌ബര്‍ 2024 (14:02 IST)
ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ അവസാന 2 ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ തനുഷ് കൊട്ടിയാനെ ഉള്‍പ്പെടുത്തി. ക്രിക്കറ്റില്‍ നിന്നും വിരമിച്ച ആര്‍ അശ്വിന് പകരക്കാരനായാണ് താരത്തെ ടീമിലുള്‍പ്പെടുത്തിയത്. മൂന്നാം ടെസ്റ്റ് മത്സരം സമനിലയില്‍ അവസാനിച്ചതിന് പിന്നാലെയായിരുന്നു ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും അശ്വിന്‍ വിടവാങ്ങല്‍ പ്രഖ്യാപിച്ചത്. നിലവില്‍ വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കുന്ന തനുഷ് കൊട്ടിയാന്‍ ഇന്ന് മെല്‍ബണിലേക്ക് വിമാനം കയറും.
 
അശ്വിന് പകരം എന്തുകൊണ്ട് കൊട്ടിയനെ ഉള്‍പ്പെടുത്തിയെന്നതിന് മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മ. ഉടനെ തന്നെ ഓസ്‌ട്രേലിയയില്‍ ടീമിനൊപ്പം ചേരാന്‍ കഴിയുന്ന ഒരാളെയാണ് വേണ്ടിയിരുന്നതെന്ന് രോഹിത് പറയുന്നു. ഒരു മാസം മുന്‍പ് ഇന്ത്യ എ ടീമിന്റെ ഭാഗമായി തനുഷ് ഓസ്‌ട്രേലിയയില്‍ ഉണ്ടായിരുന്നു. അതിനാല്‍ വിസ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നു. കുല്‍ദീപിന് വിസ ഉണ്ടായിരുന്നില്ല. അത് മാത്രമല്ല ഓസ്‌ട്രേലിയയില്‍ തനുഷ് നന്നായി കളിച്ചു. കഴിഞ്ഞ 2 വര്‍ഷമായി മികച്ച പ്രകടനമാണ് നടത്തുന്നത്. സിഡ്‌നിയിലോ മെല്‍ബണിലോ ഇന്ത്യയ്ക്ക് 2 സ്പിന്നര്‍മാരെ ഉപയോഗിച്ച് കളിക്കേണ്ടതായി വരും. അപ്പോള്‍ ഒരു ബാക്കപ്പ് സ്പിന്നറെന്ന നിലയില്‍ കൂടിയാണ് താരത്തെ ഉള്‍പ്പെടുത്തിയത്. രോഹിത് വ്യക്തമാക്കി.
 
 അക്ഷര്‍ പട്ടേല്‍ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് കുടുംബത്തിനൊപ്പമാണ്. കുല്‍ദീപ് 100 ശതമാനം ആരോഗ്യവാനല്ല. അടുത്തിടെ ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. വിസ പ്രശ്‌നങ്ങളുമുണ്ട്. അതാണ് തനുഷിനെ ടീമിലെത്തിച്ചത്. രോഹിത് വ്യക്തമാക്കി. 33 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്ന് 41.21 ശരാശരിയില്‍ 1525 റണ്‍സും 25.70 ശരാശരിയില്‍ 101 വിക്കറ്റുകളും തനുഷിന്റെ പേരിലുണ്ട്. 2023-24 സീസണില്‍ മുംബൈ രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കുമ്പോള്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണ്‍മെന്റായി മാറിയത് തനുഷായിരുന്നു. 41.83 ശരാശരിയില്‍ 502 റണ്‍സും 16.96 ശരാശരിയില്‍ 29 വിക്കറ്റുകളുമാണ് രഞ്ജിയില്‍ താരം വീഴ്ത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍