അശ്വിനൊരു തുടക്കം മാത്രം, ടെസ്റ്റിൽ ഇന്ത്യ തലമുറമാറ്റത്തിനൊരുങ്ങുന്നു, ഇംഗ്ലണ്ട് പര്യടനത്തോടെ കൂടുതൽ പേർ പടിയിറങ്ങും

അഭിറാം മനോഹർ

വ്യാഴം, 19 ഡിസം‌ബര്‍ 2024 (19:02 IST)
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ സീനിയര്‍ താരമായ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചതിന്റെ ആഘാതത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍. തീരുമാനം ആരാധകര്‍ക്ക് ഞെട്ടലുണ്ടാക്കുന്നതാണെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് തലമുറമാറ്റത്തിന്റെ പാതയിലാണെന്നുള്ളതും കൂടുതല്‍ താരങ്ങള്‍ സമീപഭാവിയില്‍ തന്നെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിക്കുമെന്നുമുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
 
ഇന്ത്യയില്‍ വെച്ച് നടന്ന ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തന്നെ ടീം അശ്വിന് പകരം വാഷിങ്ങ്ടണ്‍ സുന്ദറിനെ പരിഗണിക്കുന്നതായുള്ള സൂചനകള്‍ നല്‍കിയിരുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. സമാനമായി കൂടുതല്‍ സീനിയര്‍ താരങ്ങളും അശ്വിന്റെ പാതയിലാണ്. ഇതില്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ രോഹിത് ശര്‍മയും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്. മോശം ഫോം തുടരുകയാണെങ്കില്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയ്ക്കും ടീമില്‍ നിന്നും പുറത്തുപോകേണ്ടി വരും. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികവ് തെളിയിക്കാനാകും കോലിയോട് ആവശ്യപ്പെടുക.
 
ഫെബ്രുവരിയില്‍ പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് ശേഷം വിരാട് കോലിയും രോഹിത് ശര്‍മയും ഏകദിന ഫോര്‍മാറ്റില്‍ നിന്നും വിരമിക്കാന്‍ സാധ്യതയുണ്ട്. കെ എല്‍ രാഹുല്‍ ഓപ്പണിംഗില്‍ തിളങ്ങിയതും ടെസ്റ്റിലെ മോശം ക്യാപ്റ്റന്‍സിയും രോഹിത്തിനെ ബാധിച്ചേക്കും. ഇതോടെ ഏകദിനത്തില്‍ നിന്നും ടെസ്റ്റില്‍ നിന്നും രോഹിത്തിനും വിരമിക്കേണ്ട സാഹചര്യം ഉണ്ടായേക്കാം. ഓസീസ് പര്യടനത്തിന് ശേഷം ഇംഗ്ലണ്ടിനെതിരെ 2025 ജൂണിലാണ് ഇന്ത്യയ്ക്ക് ടെസ്റ്റ് മത്സരങ്ങളുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍