അവഗണനയില്‍ മനസ് മടുത്തു, അശ്വിന്റെ വിരമിക്കലിലേക്ക് നയിച്ചത് പെര്‍ത്ത് ടെസ്റ്റിലെ മാനേജ്‌മെന്റിന്റെ തീരുമാനം, വിരമിക്കാന്‍ നിര്‍ബന്ധിതനായി?
ഇന്ത്യന്‍ വെറ്ററന്‍ സ്പിന്നറും ഇതിഹാസതാരവുമായ ആര്‍ അശ്വിന്റെ അപ്രതീക്ഷിത വിരമിക്കല്‍ തീരുമാനം പുതിയ വിവാദങ്ങള്‍ക്ക് വഴി തുറക്കുന്നു. ഓസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കിടയില്‍ വെച്ചാണ് അശ്വിന്റെ വിടവാങ്ങല്‍ പ്രഖ്യാപനം. മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ അഡലെയ്ഡ് ടെസ്റ്റില്‍ മാത്രമാണ് അശ്വിന്‍ കളിച്ചത്. മത്സരത്തില്‍ ഒരു വിക്കറ്റ് മാത്രമാണ് താരത്തിന് നേടാനായത്.
ഓസീസ് പര്യടനത്തിന് തൊട്ട് മുന്‍പ് ഇന്ത്യയില്‍ നടന്ന ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലും അശ്വിന്‍ നിറം മങ്ങിയിരുന്നു. ഓസീസിനെതിരായ പരമ്പരയില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ വാഷിങ്ങ്ടണ്‍ സുന്ദറിനാണ് ടീം പ്രാധാന്യം നല്‍കിയത്. അഡലെയ്ഡ് ടെസ്റ്റിലെ മോശം പ്രകടനം കൂടിയായതോടെ ഇത് അശ്വിന്റെ വിരമിക്കല്‍ തീരുമാനത്തിലേക്ക് നയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ടി20, ഏകദിന ടീമുകളില്‍ അശ്വിന്‍ ഭാഗമല്ല. ഓസീസിനെതിരായ 2 ടെസ്റ്റ് മത്സരങ്ങള്‍ക്ക് ശെഷം ഓഗസ്റ്റിലാണ് ഇന്ത്യയില്‍ ടെസ്റ്റ് മത്സരങ്ങള്‍ നടക്കുന്നത്. ഇതോടെ ടീം മാനേജ്‌മെന്റ് അശ്വിനോട് വിരമിക്കല്‍ സംബന്ധിച്ച തീരുമാനം അറിയിക്കാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇതോടെയാണ് അശ്വിന്‍ തീരുമാനം എടുക്കാന്‍ നിര്‍ബന്ധിതമായത്. ടീം കോമ്പിനേഷനുകളെ പറ്റി അശ്വിന് നല്ല ധാരണയുണ്ടെന്ന് വിരമിക്കല്‍ പ്രഖ്യാപന അവസരത്തില്‍ നായകന്‍ രോഹിത് ശര്‍മ പറഞ്ഞതും ഇതിനോട് കൂട്ടി വായിക്കാവുന്നതാണ്. നേരത്തെ മുന്‍ ഇന്ത്യന്‍ നായകന്മാരായ എം എസ് ധോനിയും അനില്‍ കുംബ്ലെയും സമാനമായ രീതിയില്‍ ടീമില്‍ നിന്നും പടിയിറങ്ങിയിട്ടുണ്ട്. 2008ല്‍ ഓസീസിനെതിരായ പരമ്പരയിലെ മൂന്നാം പോരാട്ടത്തിന് ശേഷമായിരുന്നു കുംബ്ലെയുടെ പ്രഖ്യാപനം. 2014ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിന് പിന്നാലെയായിരുന്നു ധോനി വിടവാങ്ങല്‍ പ്രഖ്യാപനം നടത്തിയത്.