ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന്റെ ആദ്യ 3 സെഷനില്‍ വീണത് 20 വിക്കറ്റുകള്‍, ഇന്ത്യയ്ക്ക് 98 റണ്‍സിന്റെ ലീഡ്

Webdunia
ബുധന്‍, 3 ജനുവരി 2024 (19:46 IST)
ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം തന്നെ വീണത് 20 വിക്കറ്റുകള്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്ങ്‌സ് വെറും 55 റണ്‍സില്‍ അവസാനിച്ചപ്പോള്‍ 153 റണ്‍സിനാണ് ഇന്ത്യയുടെ ആദ്യ ഇന്നിങ്ങ്‌സ് അവസാനിച്ചത്. ഇതോടെ നിര്‍ണായകമായ 98 റണ്‍സിന്റെ ലീഡ് മുന്നോട്ട് വെയ്ക്കാന്‍ ഇന്ത്യയ്ക്കായി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ മുഹമ്മദ് സിറാജിന്റെ തീപ്പൊരി പ്രകടനമാണ് 55 റണ്‍സില്‍ ഒതുക്കിയത്. സിറാജ് 15 റണ്‍സ് മാത്രം വഴങ്ങി 6 വിക്കറ്റുകള്‍ വീഴ്ത്തി.
 
അതേസമയം മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിനെ നഷ്ടമായെങ്കിലും മികച്ച തുടക്കമാണ് രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന കൂട്ടുകെട്ട് സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ 72ല്‍ എത്തിച്ചു. ഇന്ത്യന്‍ സ്‌കോര്‍ 105ല്‍ നില്‍ക്കെ മൂന്നാമത്തെ വിക്കറ്റായി ശുഭ്മാന്‍ ഗില്‍ പുറത്താകുന്നത് വരെ ഇന്ത്യ മത്സരത്തില്‍ മികച്ച നിലയിലായിരുന്നു. എന്നാല്‍ ഗില്ലിന് പിന്നാലെ വന്ന എല്ലാവരും തന്നെ പൊരുതി നോക്കാന്‍ പോലും സാധിക്കാതെ പവലിയനിലേയ്ക്ക് മടങ്ങി. ഒരറ്റത്ത് നിന്ന വിരാട് കോലി മാത്രമാണ് പിന്നീട് ഇന്ത്യയ്ക്കായി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്.
 
രോഹിത് ശര്‍മ 50 പന്തില്‍ 39 റണ്‍സും ശുഭ്മാന്‍ ഗില്‍ 55 പന്തില്‍ 36 റണ്‍സും നേടി. 59 പന്തില്‍ 46 റണ്‍സാണ് കോലിയുടെ സമ്പാദ്യം. ഈ മൂന്ന് കളിക്കാര്‍ക്കല്ലാതെ മറ്റാര്‍ക്കും തന്നെ ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കാണാനായില്ല. രവീന്ദ്ര ജഡേജ,ജസ്പ്രീത് ബുമ്ര,മുഹമ്മദ് സിറാജ്,പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ റണ്‍സൊന്നും നേടാതെയാണ് പുറത്തായത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കഗിസോ റബാഡ,ലുങ്കി എന്‍ഗിഡി,നാന്ദ്രെ ബര്‍ഗര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

അനുബന്ധ വാര്‍ത്തകള്‍

Next Article