ലഖ്നൗവിനെതിരായ നിർണായമത്സരത്തിൽ രാജസ്ഥാന് തിരിച്ചടി, സഞ്ജു കളിക്കുന്ന കാര്യം സംശയത്തിൽ

അഭിറാം മനോഹർ

ശനി, 19 ഏപ്രില്‍ 2025 (12:47 IST)
ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ ഇന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്‍്‌സിനെ നേരിടാനൊരുങ്ങുന്ന രാജസ്ഥാന്‍ റോയല്‍സിന് ആശങ്കയായി നായകന്‍ സഞ്ജു സാംസണിന്റെ പരിക്ക്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ബാറ്റിംഗിനിടെ ഇടതു വാരിയെല്ലിന് പരിക്കേറ്റ സഞ്ജുവിനെ കഴിഞ്ഞ ദിവസം സ്‌കാനിങ്ങിന് വിധേയനാക്കിയിരുന്നു. സ്‌കാനിംഗ് റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ സഞ്ജുവിന് ലഖ്‌നൗവിനെതിരെ കളിക്കാനാവുമോ എന്നത് വ്യക്തമാവുകയുള്ളു. സഞ്ജുവില്ലെങ്കില്‍ റിയാന്‍ പരാഗാവും ഇന്ന് രാജസ്ഥാനെ നയിക്കുക എന്നാണ് റിപ്പോര്‍ട്ട്.
 
കഴിഞ്ഞ ദിവസം മത്സരത്തിനിടെ ഇടതുവാരിയെല്ലിനും അടിവയറിന്റെ ഭാഗത്തും വേദന അനുഭവപ്പെട്ട സഞ്ജു സ്‌കാനിങ്ങിന് വിധേയനായിരുന്നു. മത്സരത്തില്‍ 19 പന്തില്‍ 31 റണ്‍സുമായി മികച്ച രീതിയില്‍ ബാറ്റ് വീശവെയാണ് സഞ്ജുവിന് പരിക്കേറ്റത്. പരിക്കേറ്റ ശേഷം ചികിത്സ തേടി ഒരു പന്ത് കൂടി നേരിട്ടെങ്കിലും ഓടാനാവില്ലെന്ന് വ്യക്തമായതോടെ താരം റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു. മത്സരശേഷം പരിക്കിനെ കുറിച്ചുള്ള ചോദ്യത്തിന് പരിക്ക് സാരമുള്ളതല്ലെന്നായിരുന്നു സഞ്ജുവിന്റെ മറുപടി. നിലവില്‍ 7 മത്സരങ്ങള്‍ കളിച്ച രാജസ്ഥാന് 2 മത്സരങ്ങളില്‍ മാത്രമാണ് വിജയിക്കാനായിട്ടുള്ളത്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍