ഇംഗ്ലണ്ട് പര്യടനത്തിനുള്ള ശ്രീലങ്ക ടീമിന്റെ പരിശീലകനായി ഇയാന്‍ ബെല്ലിനെ നിയമിച്ചു. 3 മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയിലുള്ളത്. ഓഗസ്റ്റ് 16 മുതല്‍ ഇയാന്‍ ബെല്‍ ശ്രീലങ്കന്‍ ടീമിന്റെ ഭാഗമാകുമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.
ഇംഗ്ലണ്ടിനായി 118 ടെസ്റ്റുകളില്‍ നിന്നായി 7,727 റണ്‍സാണ് ഇയാന്‍ ബെല്‍ നേടിയിട്ടുള്ളത്. 22 ടെസ്റ്റ് സെഞ്ചുറികള്‍ അടക്കമാണ് ബെല്ലിന്റെ നേട്ടം. നിലവില്‍ സനത് ജയസൂര്യയാണ് ശ്രീലങ്കന്‍ ടീമിന്റെ മുഖ്യപരിശീലകന്‍. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ ശ്രീലങ്കന്‍ താരങ്ങളെ സഹായിക്കാനാണ് ഇംഗ്ലണ്ടില്‍ നിന്നുള്ള ഒരാളെ കോച്ചായി എത്തിച്ചതെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് സിഇഒ ആഷ്‌ലി ഡിസില്‍വ പറഞ്ഞു. ഓഗസ്റ്റ് 21ന് മാഞ്ചസ്റ്ററിലാണ് പരമ്പരയിലെ ആദ്യ മത്സരം. രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 29നും മൂന്നാം ടെസ്റ്റ് മത്സരം സെപ്റ്റംബര്‍ ആറിനും നടക്കും.
നായകന്‍ ബെന്‍ സ്റ്റോക്‌സിന് പരിക്കേറ്റ സാഹചര്യത്തില്‍ ഒലി പോപ്പാകും ഇംഗ്ലണ്ട് ടീമിന്റെ നായകന്‍. സാരമായി പരിക്കുള്ള ബെന്‍ സ്റ്റോക്‌സ് ഒക്ടോബറില്‍ പാകിസ്ഥാനെതിരെ നടക്കുന്ന പരമ്പരയില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 13 മത്സരങ്ങളില്‍ നിന്ന് 6 വിജയം മാത്രമാണ് ഇംഗ്ലണ്ടിനുള്ളത്. ഇതോടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ഇംഗ്ലണ്ട്.