97ന് പൂജ്യം എന്ന നിലയിൽ നിന്നും തോൽവിയിലേക്ക് ഇന്ത്യയെ വീഴ്ത്തിയ ബൗളർ, ആരാണ് ഈ വാൻഡർസായ്

അഭിറാം മനോഹർ

തിങ്കള്‍, 5 ഓഗസ്റ്റ് 2024 (13:22 IST)
Vandersay
ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനമത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തെറിഞ്ഞത് എങ്ങ് നിന്നോ വന്ന ഒരു സ്പിന്‍ താരമായിരുന്നു. ശ്രീലങ്കയ്‌ക്കെതിരെ എപ്പൊഴൊക്കെ ഇന്ത്യ കളിക്കുന്നുവോ ശൂന്യതയില്‍ നിന്നും ഇങ്ങനെയൊരു സ്പിന്നര്‍ രൂപം കൊള്ളുകയും ഇന്ത്യയെ തകര്‍ക്കുകയും ചെയ്യുന്നത് സ്ഥിരമായ കഥയാണ്. മിസ്റ്ററി സ്പിന്നര്‍ എന്ന നിലയില്‍ അജന്ത മെന്‍ഡിസും., വെള്ളാലഗെയുമെല്ലാം ഇങ്ങനെ ഇന്ത്യയെ കഷ്ടപ്പെടുത്തിയ ബൗളര്‍മാരാണ്. ഈ ശ്രേണിയിലേക്കാണ് വാന്‍ഡര്‍സായ് എന്ന പേരും ഇപ്പോള്‍ എഴുതിചേര്‍ത്തിരിക്കുന്നത്.
 
 ഇന്ത്യയുടെ 10 വിക്കറ്റുകളില്‍ ആറ് വിക്കറ്റുകളും വീഴ്ത്തിയത് വാന്‍ഡര്‍സായ് ആയിരുന്നു. ഒരുഘട്ടത്തില്‍ ഒരു അനായാസജയം ഇന്ത്യ സ്വന്തമാക്കുമെന്ന് തോന്നിച്ച ഘട്ടത്തിലായിരുന്നു വാന്‍ഡര്‍സായ് അവതരിച്ചത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ 64 റണ്‍സില്‍ നില്‍ക്കെ പവലിയനിലേക്ക് അയച്ച ശ്രീലങ്കന്‍ സ്പിന്നര്‍ 35 റണ്‍സെടുത്ത് നിന്നിരുന്ന ശുഭ്മാന്‍ ഗില്ലിനെയും പിന്നാലെ മടക്കി. വിരാട് കോലി,ശിവം ദുബെ,ശ്രേയസ് അയ്യര്‍,കെ എല്‍ രാഹുല്‍ എന്നീ പ്രമുഖ താരങ്ങളെയും തുടര്‍ച്ചയായി താരം മടക്കിയതോടെ ഇന്ത്യയ്ക്ക് നഷ്ടമായ എല്ലാ വിക്കറ്റുകളും ഒരു ഘട്ടത്തില്‍ വാന്‍ഡര്‍സായുടെ പേരിലായിരുന്നു.
 
 വിക്കറ്റ് നഷ്ടമില്ലാതെ 14 ഓവറില്‍ 97 റണ്‍സെന്ന നിലയില്‍ അനായാസം ഇന്ത്യ റണ്‍സ് കണ്ടെത്തിയിരുന്ന നിലയിലായിരുന്നു വാന്‍ഡര്‍സറിന്റെ മാസ്മരിക പ്രകടനം. 3 വിക്കറ്റുകളുമായി നായകന്‍ ചരിത് അസലങ്കയും തിളങ്ങിയതോടെ ഇന്ത്യയെ 208 റണ്‍സില്‍ ഒതുക്കാന്‍ ശ്രീലങ്കയ്ക്കായി. 34 വയസുകാരനായ വാന്‍ഡര്‍സായ് 2015ല്‍ പാകിസ്ഥാനെതിരായ ടി20 മത്സരത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയ താരമാണ്. ടി20യില്‍ ഇതുവരെ 14 മത്സരങ്ങള്‍ കളിച്ചതില്‍ നിന്നും 7 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഇന്ത്യക്കെതിരായ മികച്ച പ്രകടനത്തോടെ ഇന്ത്യക്കെതിരെ ഏകദിനത്തില്‍ ഒരു ശ്രീലങ്കന്‍ ബൗളറുടെ മികച്ച ആറാമത്തെ പ്രകടനമെന്ന നേട്ടവും വാന്‍ഡര്‍സായ് സ്വന്തമാക്കി.
 
ശ്രീലങ്കയുടെ സ്പിന്‍ ഇതിഹാസമായ മുത്തയ്യ മുരളീധരനാണ് പട്ടികയില്‍ ഒന്നാമതുള്ളത്. 2000ത്തില്‍ ഷാര്‍ജയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യക്കെതിരെ 30 റണ്‍സ് വഴങ്ങി താരം 7 വിക്കറ്റുകള്‍ അന്ന് വീഴ്ത്തിയിരുന്നു. 33 റണ്‍സ് വഴങ്ങി 6 വിക്കറ്റുകളാണ് വാന്‍ഡര്‍സായ് ഇന്നലെ സ്വന്തമാക്കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍