'ആ പരിപ്പ് ഇനി വേവില്ല'; ലേലത്തില്‍ വിളിച്ച ശേഷം കളിക്കാന്‍ വരാതിരുന്നാല്‍ താരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ഐപിഎല്‍ ടീം ഉടമകള്‍

രേണുക വേണു

വെള്ളി, 2 ഓഗസ്റ്റ് 2024 (10:17 IST)
താരലേലത്തില്‍ വന്‍ തുകയ്ക്കു വിളിച്ചെടുത്ത ശേഷം പല വിദേശ താരങ്ങളും ഐപിഎല്‍ കളിക്കാന്‍ വരാതിരിക്കുന്നത് പല സീസണുകളിലും സംഭവിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇനിയങ്ങോട്ട് അത് പറ്റില്ലെന്നാണ് ടീം ഉടമകളുടെ നിലപാട്. ലേലത്തില്‍ വിളിച്ചെടുത്ത ശേഷം ആ സീസണ്‍ പൂര്‍ണമായി കളിക്കാന്‍ വരാതിരുന്നാല്‍ വിദേശ താരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്നാണ് ഫ്രാഞ്ചൈസികളുടെ ആവശ്യം. 
 
ലേലത്തില്‍ വിളിച്ചെടുത്ത ശേഷം കളിക്കാന്‍ വരാതിരിക്കുന്നത് എന്ത് കാരണത്തിന്റെ അടിസ്ഥാനത്തില്‍ ആണെങ്കിലും അത്തരം വിദേശ താരങ്ങള്‍ക്ക് രണ്ട് വര്‍ഷം വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ഫ്രാഞ്ചൈസികള്‍ ആവശ്യപ്പെട്ടു. ഐപിഎല്‍ കമ്മിറ്റി ഈ വിഷയത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടത്തിയേക്കും. രണ്ട് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയാല്‍ പല വിദേശ താരങ്ങളും ലേലത്തില്‍ രജിസ്റ്റര്‍ പോലും ചെയ്യില്ലെന്നാണ് ഐപിഎല്‍ കമ്മിറ്റിയുടെ ആശങ്ക.
 
താരങ്ങളുടെ അടിസ്ഥാന വില കുറയ്ക്കണമെന്ന ആവശ്യവും ചില ഫ്രാഞ്ചൈസികള്‍ മുന്നോട്ടുവയ്ക്കുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട് അഞ്ച് വര്‍ഷത്തില്‍ അധികമായ താരങ്ങളെ അണ്‍ക്യാപ്ഡ് താരങ്ങള്‍ എന്ന നിലയില്‍ നിലനിര്‍ത്താനുള്ള അവസരം വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഫ്രാഞ്ചൈസികള്‍ ഉന്നയിച്ച ആവശ്യങ്ങളിലെല്ലാം മെഗാ താരലേലത്തിനു മുന്‍പ് അന്തിമ തീരുമാനം കൈകൊള്ളും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍