കുറഞ്ഞ തുകയാണ് ലേലത്തിലെങ്കിൽ കാരണം പറയാതെ തന്നെ മുങ്ങുന്നു, ബിസിസിഐ യോഗത്തിൽ താരങ്ങൾക്കെതിരെ പരാതിയുമായി ടീമുകൾ

അഭിറാം മനോഹർ

വ്യാഴം, 1 ഓഗസ്റ്റ് 2024 (14:22 IST)
താരലേലത്തില്‍ പങ്കെടുത്ത് ടീമിന്റെ ഭാഗമായതിന് ശേഷം വിദേശതാരങ്ങള്‍ കളിക്കാന്‍ വരാത്തതില്‍ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഐപിഎല്‍ ടീമുകള്‍. ഇത്തരം താരങ്ങളെ നിയന്ത്രിക്കാന്‍ ബിസിസിഐ ഇടപെടണമെന്ന് ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി ഐപിഎല്‍ ഫ്രാഞ്ചൈസികളുമായി ബിസിസിഐ നടത്തിയ യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്. ലേലത്തില്‍ ടീമുകള്‍ വാങ്ങിയ ശേഷം താരങ്ങള്‍ പിന്മാറുന്നത് ഫ്രാഞ്ചൈസികള്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നതെന്ന് ഐപിഎല്‍ ടീം ഉടമകള്‍ വ്യക്തമാക്കി.
 
ചില വിദേശതാരങ്ങള്‍ താരലേലത്തിന് യാതൊരു വിലയും നല്‍കുന്നില്ലെന്നും ഫ്രാഞ്ചൈസി ഉടമകള്‍ പരാതിപ്പെട്ടു. ജേസണ്‍ റോയ്,അലക്‌സ് ഹെയ്ല്‍സ്,വാനിന്ദു ഹസരംഗ തുടങ്ങിയ താരങ്ങള്‍ക്കെതിരെയാണ് പ്രധാനമായും പരാതിയുള്ളത്. ചെറിയ തുകയ്ക്ക് ടീമുകള്‍ വാങ്ങിയ ശേഷം പലരും കൃത്യമായ കാരണങ്ങള്‍ ബോധിപ്പിക്കാതെയാണ് പിന്മാറുന്നത്. പരുക്കോ വ്യക്തിപരമായ പ്രശ്‌നങ്ങളോ ഇല്ലാതെയാണ് പലരും ഇങ്ങനെ പിന്മാറുന്നതെന്നും ടീം ഉടമകള്‍ പറയുന്നു.
 
 ടൂര്‍ണമെന്റിന് തൊട്ട് മുന്‍പ് മുങ്ങുന്ന ഇത്തരം താരങ്ങള്‍ക്കെതിരെ നടപടി വേണമെന്നാണ് ടീം ഉടമകളുടെ നിലപാട്. പ്രധാനപ്പെട്ട പലവിദേശ താരങ്ങളും മെഗാ താരലേലത്തേക്കാളും മിനി ലേലത്തിനായാണ് കാത്തിരിക്കുന്നത്. ഇത്തരം രീതികള്‍ക്ക് മാറ്റം വേണമെന്നും ഫ്രാഞ്ചൈസികള്‍ ബിസിസിഐയോട് ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍