മിടുക്കനായിരുന്നു, പിന്നെ എന്തൊക്കെയോ സംഭവിച്ചു, പതിയെ അവനൊരു ദുരന്തമായി, ഇന്ത്യൻ താരത്തെ ഓർത്ത് ദുഖമെന്ന് പോണ്ടിംഗ്
ഡല്‍ഹി ക്യാപ്പിറ്റല്‍സ് പരിശീലകനെന്ന നിലയില്‍ താന്‍ ഒരു ഇന്ത്യന്‍ താരത്തില്‍ മാത്രം നിരാശനാണെന്ന് വ്യക്തമാക്കി മുന്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് പരിശീലകനും ഓസ്‌ട്രേലിയയുടെ ഇതിഹാസ നായകനുമായ റിക്കി പോണ്ടിംഗ്. ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ നിന്നും താരം പുറത്തായതിന് പിന്നാലെയാണ് ഇന്ത്യന്‍ താരത്തെ പറ്റി പോണ്ടിംഗ് മനസ്സ് തുറന്നത്. വലിയ കഴിവുകള്‍ ഉള്ള കളിക്കാരനായിട്ട് കൂടി ഷാ എങ്ങും എത്താത്തതില്‍ പ്രയാസമുണ്ടെന്നും പോണ്ടിംഗ് വ്യക്തമാക്കി.
വ്യക്തിപരമായി കളിക്കാരെ പറ്റി സംസാരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ പൃഥ്വിയെ പറ്റി സംസാരിക്കാണം. അവന്‍ എല്ലാ ടീമിലും ഉള്‍പ്പെടേണ്ട ഒരു കളിക്കാരനായിരുന്നു. ചെറിയ പ്രായത്തില്‍ തന്നെ ഇന്ത്യയുടെ ടെസ്റ്റ് ടീമിനെ പ്രതിനിധീകരിക്കാന്‍ പൃഥ്വി ഷായ്ക്ക് സാധിച്ചു. ആദ്യ ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേടി കഴിവ് തെളിയിച്ച താരമാണ് പൃഥ്വി. എന്നാല്‍ പിന്നീട് ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ പോലും അദ്ദേഹത്തിന് ഒരു സ്ലോട്ട് കണ്ടെത്താന്‍ കഴിഞ്ഞില്ല. ചില കളിക്കാരെ മികച്ചതാക്കാനും അവരില്‍ നിന്നും മികച്ചത് പുറത്തെടുക്കാന്‍ കഴിയാത്തതും ഒരു പരിശീലകനെന്ന നിലയില്‍ എന്നെ നിരാശപ്പെടുത്തുന്നു.
ശ്രമിക്കാം എന്ന് മാത്രമെ ചില കളിക്കാരുടെ കാര്യത്തില്‍ നമുക്ക് പറയാനാകു. പൃഥി ഷാ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെയാണ് പുതിയ ബദലുകള്‍ നോക്കേണ്ടി വന്നതെന്നും എന്നാല്‍ ഒരു ദിവസം സ്വന്തം കഴിവിനോട് ഷായ്ക്ക് നീതി പുലര്‍ത്താനാകുമെന്ന് വിശ്വസിക്കുന്നതായും പോണ്ടിംഗ് ക്രിക്ക്ബസിനോട് പറഞ്ഞു. കരിയറിന്റെ തുടക്കകാലത്ത് ഭാവി സച്ചിനെന്ന വിശേഷണം സ്വന്തമാക്കിയ പൃഥ്വി ഷാ ടെസ്റ്റ് ക്രിക്കറ്റിലടക്കം ആദ്യ മത്സരങ്ങളില്‍ അസാമാന്യമായ മികവാണ് പുലര്‍ത്തിയത്. എന്നാല്‍ അലസതയും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും വിഷയമായതോടെ ഇന്ത്യന്‍ ടീമിന്റെ പരിഗണനയില്‍ പോലും നിലവില്‍ പൃഥ്വി ഷാ ഭാഗമല്ല.