Hardik Pandya: വെറുക്കപ്പെട്ടവനിൽ നിന്നും ഹീറോയിലേക്ക്, ഹാർദ്ദിക്കില്ലാതെ ഈ ലോകകപ്പ് നേടാൻ ഇന്ത്യയ്ക്കാകില്ലായിരുന്നു

അഭിറാം മനോഹർ
ഞായര്‍, 30 ജൂണ്‍ 2024 (11:07 IST)
Hardik pandya, Worldcup
സ്വന്തം ടീമിലെ കാണികളാല്‍ വെറുക്കപ്പെട്ടവനായി അവരുടെ മുന്നില്‍ പരിഹാസ്യനായി നില്‍ക്കുക ഒരു മാസത്തിന്റെ ഇടവേളയില്‍ തന്നെ പരിഹസിച്ചവര്‍ക്കും വിമര്‍ശിച്ചവര്‍ക്കും മുന്നില്‍ ഒരു ഹീറോയായി തിരിച്ചുവരിക. ഒരുപക്ഷേ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ എന്ന താരത്തിന് മാത്രം സാധ്യമാകുന്ന ഒരു കംബാക്ക് സ്റ്റോറിയായിരിക്കും അത്. ഒരു ഗാലറിയാകെ തനിക്കെതിരെ ആര്‍ത്തുവിളിക്കുമ്പോഴും വിമര്‍ശകര്‍ക്ക് യാതൊരു വിലയും നല്‍കാതെ മികച്ച പ്രകടനങ്ങള്‍ കൊണ്ട് മറികടക്കണമെങ്കില്‍ അയാളുടെ ഹൃദയവും ഉരുക്കുകൊണ്ട് ഉണ്ടാക്കിയതാകാനെ തരമുള്ളു. അത്തരത്തില്‍ നമുക്ക് ഹാര്‍ദ്ദിക് പാണ്ഡ്യ എന്ന ഒരൊറ്റ കരുത്തന്‍ മാത്രമെയുള്ളു.
 
കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ നായകനായതിന് ശേഷം മുംബൈ ആരാധകരില്‍ നിന്ന് പോലും വലിയ പരിഹാസമാണ് ഹാര്‍ദ്ദിക് ഏറ്റുവാങ്ങിയത്. ഐപിഎല്ലില്‍ തനിക്കെതിരെയുണ്ടായ ഈ കൂവലും പരിഹാസങ്ങളും ഹാര്‍ദ്ദിക്കിനെ ബാധിച്ചില്ലെന്ന് നമുക്ക് ഒരിക്കലും പറയാനാകില്ല. മുംബൈ ടീമില്‍ ഹാര്‍ദ്ദിക്കിന്റെ മോശം പ്രകടനങ്ങളും ഐപിഎല്ലിലെ അവസാനക്കാരായി മുംബൈ ഫിനിഷ് ചെയ്തതും ഇതിന് തെളിവാണ്. എന്നാല്‍ ഐപിഎല്ലിലെ പ്രകടനം കൊണ്ട് ഹാര്‍ദ്ദിക്കിനെ വിലയിരുത്തരുതെന്ന ഉപദേശമാണ് പല മുന്‍താരങ്ങളും ലോകകപ്പിന് മുന്‍പായി ഇന്ത്യന്‍ ആരാധകര്‍ക്ക് നല്‍കിയത്.
 
 ഐപിഎല്ലിലെ പോലെ ലോകകപ്പിലും വെടിപൊട്ടാത്ത തോക്കാകും ഹാര്‍ദ്ദിക് എന്ന് കരുതിയവര്‍ക്ക് നടുവില്‍ നിന്നും കൊണ്ട് ഓരോ മത്സരത്തിലും മികച്ച പ്രകടനങ്ങള്‍ കൊണ്ട് ഹാര്‍ദ്ദിക് ഞെട്ടിച്ചുകൊണ്ടേ ഇരുന്നു. ബൗളിംഗില്‍ നിരാശപ്പെടുത്തുമ്പോള്‍ ബാറ്റിംഗ് മികവ് കൊണ്ടും തിരിച്ച് ബാറ്റിംഗിലെ പരാജയം മികച്ച ബൗളിംഗ് പ്രകടനങ്ങള്‍ കൊണ്ടും ഹാര്‍ദ്ദിക് നികത്തിയപ്പോള്‍ ഈ ലോകകപ്പില്‍ ഇന്ത്യയുടെ നിര്‍ണായക താരമായി ഹാര്‍ദ്ദിക് മാറി. ഫൈനല്‍ മത്സരത്തിലെ ഗംഭീരമായ പ്രകടനമടക്കം ലോകകപ്പിലെ ഇന്ത്യന്‍ വിജയങ്ങളില്‍ ഏറിയ പങ്കിലും ഹാര്‍ദ്ദിക്കിന്റെ സംഭാവനകള്‍ വളരെ വലുതായിരുന്നു.
 
 ഐപിഎല്ലിലെ മനം മടുപ്പിക്കുന്ന പരിഹാസം, വ്യക്തിജീവിതത്തില്‍ പങ്കാളിയുമായി വേര്‍പിരിയുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ഇതിനെല്ലാം ഇടയില്‍ നിന്നും ദേശീയ ടീമിന്റെ ജേഴ്‌സി ഇടുമ്പോള്‍ വ്യത്യസ്ത തരത്തിലുള്ള ഊര്‍ജം ആവേശിക്കാന്‍ ഹാര്‍ദ്ദിക്കിന് സാധിച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ അയര്‍ലന്‍ഡിനെതിരെ 3 വിക്കറ്റ് നേട്ടം, പാകിസ്ഥാനെതിരെ 2 വിക്കറ്റ് നേട്ടം അഫ്ഗാനെതിരായ സൂപ്പര്‍ എട്ടില്‍ 23 പന്തില്‍ 32 റണ്‍സ്. ബംഗ്ലാദേശിനെതിരെ 27 പന്തില്‍ പുറത്താകാതെ 50 റണ്‍സ് ഓസ്‌ട്രേലിയക്കെതിരെ 17 പന്തില്‍ 27, ഇംഗ്ലണ്ടിനെതിരായ സെമിയില്‍ 13 പന്തില്‍ 23, ഫൈനലില്‍ ബൗളിംഗില്‍ ക്ലാസന്റെയും മില്ലറുടെയും നിര്‍ണായകമായ വിക്കറ്റുകള്‍ അടക്കം 3 വിക്കറ്റുകള്‍. ഉറപ്പായും പറയാം ഹാര്‍ദ്ദിക് ഇല്ലായിരുന്നുവെങ്കില്‍ ഈ ലോകകപ്പ് ഇന്ത്യയില്‍ എത്തില്ലായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article