2007ൽ നായകനെന്ന നിലയിൽ നാണം കെട്ട് മടങ്ങി, സച്ചിനെ പോലെ ലോകകപ്പ് അർഹിച്ചിട്ടും ആ അവസരവും കൈവിട്ടു, ഇത് ദ്രാവിഡിനായി ഇന്ത്യ സമ്മാനിച്ച കിരീടം

അഭിറാം മനോഹർ

ഞായര്‍, 30 ജൂണ്‍ 2024 (09:20 IST)
Rahul dravid, Coach
 2007ലെ ടി20 ലോകകപ്പ് അപ്രതീക്ഷിതമായി ഒരു സംഘം ചെറുപ്പക്കാര്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നതിന് മാസങ്ങള്‍ മുന്‍പ് ഇന്ത്യന്‍ ക്രിക്കറ്റ് അതിന്റെ എക്കാലത്തെയും വലിയ നാണക്കേടിന്റെ പടുകുഴിയിലായിരുന്നു. 2003ല്‍ നഷ്ടപ്പെട്ട ഏകദിന ലോകകപ്പ് യുവതാരങ്ങളുടെയും സച്ചിന്‍,ദ്രാവിഡ് തുടങ്ങിയ പരിചയസമ്പന്നരുടെയും മികവില്‍ ഇന്ത്യ സ്വന്തമാക്കുമെന്ന് ശക്തമായ രീതിയില്‍ ക്യാമ്പയ്ന്‍ ചെയ്യപ്പെട്ട ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലായിരുന്നു ഇന്ത്യന്‍ സംഘം കരീബിയന്‍ മണ്ണില്‍ പുറത്തായത്.
 
 അന്ന് ഇന്ത്യന്‍ ടീമിന്റെ നായകനെന്ന നിലയില്‍ രാഹുല്‍ ദ്രാവിഡ് ഏറെ പഴികേട്ടിരുന്നു. അന്ന് ലോകകപ്പ് പരാജയത്തിന്റെ പടുകുഴിയില്‍ ഇന്ത്യന്‍ സംഘം പതിച്ചതോടെയാണ് ടി20 ലോകകപ്പില്‍ നിന്നും സീനിയര്‍ താരങ്ങള്‍ മാറിനില്‍ക്കാന്‍ തീരുമാനിച്ചത്. പുതിയൊരു ഫോര്‍മാറ്റില്‍ തീര്‍ത്തും യുവാക്കളുടെ സംഘവുമായി ഇറങ്ങിയ ആ ഇന്ത്യന്‍ ടീം ആരാധകരെ ഞെട്ടിച്ചുകൊണ്ട് ആ വര്‍ഷത്തെ കിരീടം സ്വന്തമാക്കി. 2011ല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ലോകകപ്പ് നേട്ടം സമ്മാനിക്കാന്‍ 2007ല്‍ രൂപപ്പെട്ട ഒരു സംഘം ചെറുപ്പക്കാര്‍ക്ക് സാധിച്ചപ്പോള്‍ ആ ടീമില്‍ പക്ഷേ കളിക്കാരനായി രാഹുല്‍ ദ്രാവിഡ് ഉണ്ടായിരുന്നില്ല. സച്ചിനെ പോലെ ഒരു ലോകകപ്പ് നേട്ടം അര്‍ഹിച്ചിരുന്ന താരമായിരുന്നിട്ട് കൂടി ദ്രാവിഡിന് ഒരു ലോകകപ്പ് നേട്ടം അന്യം നിന്നു.
 
 ഈ പോരായ്മകള്‍ രാഹുല്‍ തിരുത്തുവാന്‍ നോക്കിയത് പരിശീലകനെന്ന നിലയിലാണ്. അണ്ടര്‍ 19 ടീമിന് പരിശീലകനെന്ന നിലയില്‍ ലോകകിരീടം നേടികൊടുത്ത രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ പരിശീലകനായപ്പോള്‍ ഇന്ത്യന്‍ ആരാധകരും ലോകകപ്പ് സ്വപ്നം കാണാന്‍ തുടങ്ങിയിരുന്നു. 2023ലെ ലോകകപ് ഒരു കൈയകലെ നഷ്ടമായെങ്കിലും 2023ലെ ടി20 ലോകകപ്പ് നേട്ടം ടീമിന് സമ്മാനിക്കാന്‍ ദ്രാവിഡിനായി. 2007ല്‍ നായകനെന്ന നിലയില്‍ അപമാനിക്കപ്പെട്ട മണ്ണില്‍ തന്നെയാണ് കോച്ചായി ദ്രാവിഡ് ഇന്ത്യയ്ക്ക് ലോകകപ്പ് നേടികൊടുത്തിരിക്കുന്നത്. ടി20 ലോകകപ്പ് നേടിയ ശേഷം ഇന്ത്യന്‍ താരങ്ങളുടെ ആഘോഷങ്ങള്‍ കണ്ടിരിക്കുക മാത്രമാണ് ആദ്യം ദ്രാവിഡ് ചെയ്തതെങ്കിലും കോലി ദ്രാവിഡിന്റെ കൈയ്യില്‍ ലോകകപ്പ് സമ്മാനിച്ചതോടെ ദ്രാവിഡിന് ആവേശം അടുക്കാനായില്ല. കിരീടം മുകളിലേക്കുയര്‍ത്തി ദ്രാവിഡും ആഘോഷങ്ങളുടെ ഭാഗമായി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍