ഇന്ത്യൻ ടീമിലെത്തിയതിന് പിന്നാലെ പരിക്ക്, നിതീഷ് കുമാർ റെഡ്ഡിക്ക് പകരം ശിവം ദുബെ ടീമിൽ

അഭിറാം മനോഹർ

വ്യാഴം, 27 ജൂണ്‍ 2024 (15:40 IST)
സിംബാബ്വെയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും യുവതാരമായ നിതീഷ് കുമാര്‍ റെഡ്ഡി പുറത്തായി. ഇന്ത്യന്‍ ടീമിലെ അരങ്ങേറ്റമത്സരം കളിക്കാന്‍ അവസരമൊരുങ്ങിയതിന് പിന്നാലെ താരത്തിന് പരിക്കേല്‍ക്കുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ നിതീഷിന് കളിക്കാനാകില്ലെന്ന് ഉറപ്പായി. നിതീഷ് കുമാറിന് പകരം ഓള്‍ റൗണ്ടര്‍ ശിവം ദുബെയെ ടീമില്‍ ഉള്‍പ്പെടുത്തി.
 
നിലവില്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിന്റെ ഭാഗമാണ് ശിവം ദുബെ. ജൂലൈ 6 മുതല്‍ 14 വരെയാണ് ഇന്ത്യ- സിംബാബ്വെ ടി20 പരമ്പര നടക്കേണ്ടത്. കഴിഞ്ഞ ഐപിഎല്ലില്‍ ഹൈദരാബാദിനായി നടത്തിയ മികച്ച ഓള്‍റൗണ്ട് പ്രകടനത്തെ തുടര്‍ന്നായിരുന്നു നിതീഷ് കുമാര്‍ റെഡ്ഡിക്ക് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചത്. അതേസമയം താരത്തിന്റെ പരുക്ക് എത്രമാത്രം ഗുരുതരമെന്ന് വ്യക്തമല്ല. കഴിഞ്ഞ ഐപിഎല്ലില്‍ ഹൈദരാബാദിനായി 13 മത്സരങ്ങള്‍ കളിച്ച നിതീഷ് 303 റണ്‍സും 3 വിക്കറ്റും സ്വന്തമാക്കിയിരുന്നു. ശുഭ്മാന്‍ ഗില്‍ നായകനാകുന്ന ടീമില്‍ നിതീഷിന് പുറമെ ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അഭിഷേക് ശര്‍മ,റിയാന്‍ പരാഗ്,തുഷാര്‍ ദേശ്പാണ്ഡെ എന്നിവരും ടീമിലുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍