ടി20 ലോകകപ്പ് കഴിയുന്നതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനത്ത് നിന്നും രാഹുല്‍ ദ്രാവിഡ് പടിയിറങ്ങുമെന്ന് വ്യക്തമായതോടെ പുതിയ പരിശീലകന്‍ ആരാകുമെന്ന ആകാംക്ഷയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മെന്ററായി തിളങ്ങിയ ഗൗതം ഗംഭീറാകും പുതിയ ഇന്ത്യന്‍ പരിശീലകനെന്നാണ് ക്രിക്കറ്റ് ലോകം പ്രതീക്ഷിക്കുന്നത്.
ഇന്ത്യന്‍ പരിശീലകനാകണമെങ്കില്‍ താന്‍ ആവശ്യപ്പെടുന്ന സപ്പോര്‍ട്ട് സ്റ്റാഫുകള്‍ വേണമെന്നും ഇന്ത്യയ്ക്ക് ഫോര്‍മാറ്റ് അടിസ്ഥാനത്തില്‍ ടീമുകള്‍ വേണമെന്നും ഗംഭീര്‍ ആദ്യമെ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ സീനിയര്‍ താരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തിലും വ്യക്തമായ ധാരണ ഗംഭീറിനുണ്ട്. വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയിലെ സീനിയര്‍ താരങ്ങളുടെ പ്രകടനം അനുസരിച്ചാകും ടീം സെലക്ഷന്‍ നടപടികളുമായി ഗംഭീര്‍ മുന്നോട്ട് പോവുക.
കോലി,രോഹിത് ശര്‍മ,രവീന്ദ്ര ജഡേജ,മുഹമ്മദ് ഷമി എന്നിവരുടെ ചാമ്പ്യന്‍സ് ട്രോഫിയിലെ പ്രകടനം ഇതോടെ നിര്‍ണായകമാകും. 2025ല്‍ പാകിസ്ഥാനിലാണ് ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ നടക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രമാകും സീനിയര്‍ താരങ്ങളെ ഇന്ത്യന്‍ ടീം ആശ്രയിക്കുക. ഏകദിനത്തിലും ടി20യിലും പരിചയസമ്പത്തും യുവത്വവും കൂട്ടിയിണക്കി പുതിയ ടീം രൂപീകരിക്കാനാകും ഗംഭീര്‍ പ്രധാനമായും ശ്രദ്ധ നല്‍കുക. ഈ പദ്ധതികളില്‍ കോലി,രോഹിത് തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കില്ല. ഇതോടെ വരാനിരിക്കുന്ന 2027ലെ ഏകദിന ലോകകപ്പില്‍ ഈ 2 സീനിയര്‍ താരങ്ങള്‍ ഉണ്ടാകുമോ എന്ന് വ്യക്തമല്ല. വരും വര്‍ഷങ്ങളിലെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാകും സീനിയര്‍ താരങ്ങള്‍ക്കും അടുത്ത ഏകദിന ടീമില്‍ ഇടം നേടാനാവുക.