Rohit Sharma: ടീമിനായാണ് കളിച്ചത്, സെഞ്ചുറി നേടാനാകാത്തതിൽ നിരാശയില്ലെന്ന് രോഹിത്

അഭിറാം മനോഹർ

ചൊവ്വ, 25 ജൂണ്‍ 2024 (08:38 IST)
Rohit Sharma, worldcup
ടി20 ലോകകപ്പില്‍ സൂപ്പര്‍ എട്ടില്‍ ഓസ്‌ട്രേലിയയെ 24 റണ്‍സിന് തോല്‍പ്പിച്ചതോടെ സെമി ഫൈനല്‍ ഉറപ്പിച്ച് ഇന്ത്യ, സെന്റ് ലൂസിയയില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് അടിച്ചെടുത്തത്. 41 പന്തില്‍ 92 റണ്‍സുമായി തകര്‍ത്തടിച്ച നായകന്‍ രോഹിത് ശര്‍മയുടെ പ്രകടനമാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിന് 7 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 43 പന്തില്‍ 76 റണ്‍സുമായി കളം നിറഞ്ഞ ട്രാവിസ് ഹെഡാണ് ഓസീസ് നിരയിലെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി അര്‍ഷദീപ് സിംഗ് 3 വിക്കറ്റുകള്‍ നേടി.
 
2023ലെ ഏകദിന ലോകകപ്പില്‍ എന്താണോ തനിക്ക് പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് അത് ഇത്തവണ പൂര്‍ത്തിയാക്കും എന്ന വാശിയോടെയായിരുന്നു ഓസീസിനെതിരെ രോഹിത് തകര്‍ത്തടിച്ചത്. വിരാട് കോലി തുടക്കത്തില്‍ തന്നെ പുറത്തായതൊന്നും രോഹിത്തിന്റെ സ്‌കോറിങ്ങിനെ ബാധിച്ചില്ല. മത്സരത്തിന്റെ ആദ്യ പന്ത് മുതല്‍ തന്നെ ആക്രമിച്ച് തുടങ്ങിയ രോഹിത് 8 സിക്‌സും 7 ഫോറും സഹിതമാണ് 92 റണ്‍സിലെത്തിയത്. സെഞ്ചുറിക്ക് വെറും 8 റണ്‍സ് അകലെ പുറത്താകേണ്ടി വന്നെങ്കിലും സെഞ്ചുറി നഷ്ടമായതില്‍ നിരാശയില്ലെന്ന് രോഹിത് മത്സരശേഷം വ്യക്തമാക്കി.
 
 പവര്‍പ്ലേയില്‍ അക്രമിച്ചു കളിക്കുകയാണ് ഈ ഫോര്‍മാറ്റില്‍ ചെയ്യേണ്ടത്. ഞാന്‍ അത് തന്നെയാണ് ചെയ്തത്. അവരുടെ ബൗളര്‍മാര്‍ മിടുക്കന്മാരായിരുന്നു. എങ്കിലും എനിക്ക് സാധ്യമായതെല്ലാം ചെയ്യണമെന്നാണ് ഞാന്‍ ചിന്തിച്ചത്. സെഞ്ചുറി നഷ്ടമായതില്‍ നിരാശയില്ല. ഞാന്‍ നേരത്തെയും പറഞ്ഞിട്ടുണ്ട്. ടീം വിജയിക്കുന്നില്ലെങ്കില്‍ നമ്മള്‍ നേടുന്ന വലിയ റണ്‍സുകളിലും സെഞ്ചുറികളിലും ഒന്നും കാര്യമില്ല. എതിര്‍ ടീം ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാനും ടീമിന് വലിയ സ്‌കോര്‍ നേടികൊടുക്കാന്‍ സാധിക്കുകയും വേണം. അതിനായാണ് ശ്രമിച്ചത്. രോഹിത് വ്യക്തമാക്കി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍