ലോകകപ്പിൽ ഒത്തുക്കളി നടന്നെന്ന സംശയവുമായി ബാബർ അസം, താരത്തെ കാത്ത് പിസിബിയുടെ വിലക്ക്

അഭിറാം മനോഹർ

തിങ്കള്‍, 24 ജൂണ്‍ 2024 (14:20 IST)
ടി20 ലോകകപ്പില്‍ അമെരിക്കയ്ക്കും ഇന്ത്യയ്ക്കുമെതിരെ പരാജയപ്പെട്ട് ലോകകപ്പിലെ ആദ്യ റൗണ്ടില്‍ തന്നെ തോറ്റുമടങ്ങിയതോടെ വലിയ വിമര്‍ശനമാണ് പാകിസ്ഥാന്‍ ടീമിനെതിരെയും നായകന്‍ ബാബര്‍ അസമിനെതിരെയും ഉയര്‍ന്നത്. മുന്‍താരങ്ങളെല്ലാം തന്നെ പാക് ടീമിന്റെ നിലവിലെ ദയനീയാവസ്ഥയില്‍ രൂക്ഷമായാണ് പ്രതികരിച്ചത്. ടീം ഉടനെ തന്നെ ഉടച്ചുവാര്‍ക്കണമെന്നും ടീമില്‍ നിന്നും പുറത്താകില്ലെന്ന വിശ്വാസമാണ് താരങ്ങള്‍ മോശം പ്രകടനങ്ങള്‍ തുടരാന്‍ കാരണമായതെന്നും വസീം അക്രമുള്‍പ്പടെയുള്ള ഇതിഹാസതാരങ്ങള്‍ പ്രതികരിച്ചിരുന്നു.
 
ഇതിനിടെ തന്റെ ഇഷ്ടക്കാരെ ടീമില്‍ തിരികി കയറ്റികൊണ്ട് ബാബര്‍ അസമാണ് പാകിസ്ഥാനെ പുറത്താകലിലേക്ക് നയിച്ചതെന്ന വിമര്‍ശനം ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ക്കെതിരെ ബാബര്‍ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ പാക് ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയിരിക്കുന്നു. ലോകകപ്പില്‍ ഒത്തുക്കളി നടന്നോയെന്ന സംശയമാണ് ബാബര്‍ അസം ഉന്നയിച്ചിരിക്കുന്നത്. ഒത്തുകളി വിവാദങ്ങളില്‍ പല തവണ അകപ്പെട്ട ടീമാണ് പാകിസ്ഥാന്‍. ഇതിനെ തുടര്‍ന്ന് മുഹമ്മദ് ആസിഫ്,മുഹമ്മദ് ആമിര്‍,സല്‍മാന്‍ ബട്ട് തുടങ്ങി നിരവധി താരങ്ങള്‍ വിലക്ക് നേരിട്ടവരാണ്. ഇതില്‍ മുഹമ്മദ് ആമിര്‍ ഇത്തവണ പാകിസ്ഥാന്‍ ടീമിനായി കളിക്കുകയും ചെയ്തിരുന്നു.
 
 ബാബര്‍ അസമിന്റെ ഒത്തുക്കളി പരാമര്‍ശം പാക് ക്രിക്കറ്റിന് വലിയ നാണക്കേടാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതോടെ പാക് ടീമിനെ അപമാനിച്ചതില്‍ ബാബര്‍ അസമിനെതിരെയും ടീമിന്റെ സഹ പരിശീലകനായ അസര്‍ മഹ്മൂദിനെതിരെയും പിസിബി നടപടിയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് പാക് ക്രിക്കറ്റില്‍ നിന്നും ലഭിക്കുന്നത്. ബാബര്‍ അസമിനെ പിസിബി വിലക്കേര്‍പ്പെടുത്തുമെന്നാണ് പാക് മാാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍