മുറിവേറ്റ സിംഹം തന്നെയായിരുന്നു രോഹിത്, തനിക്കെതിരെ വന്ന എല്ലാവരെയും പിച്ചിചീന്തി, ബഹുമാനിച്ചത് ഹേസൽവുഡിനെ മാത്രം

അഭിറാം മനോഹർ

ചൊവ്വ, 25 ജൂണ്‍ 2024 (09:05 IST)
Rohit sharma, Worldcup
ഓസ്‌ട്രേലിയക്കെതിരായ സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ നായകന്റെ പ്രകടനമായിരുന്നു ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പുറത്തെടുത്തത്. സെഞ്ചുറിക്ക് 8 റണ്‍സ് അകലെ മാത്രം തന്റെ വിക്കറ്റ് നഷ്ടമായെങ്കിലും അതില്‍ നിരാശയില്ലെന്നും ടീമിന്റെ വിജയം മാത്രമാണ് പ്രധാനമെന്നും രോഹിത് മത്സരശേഷം വ്യക്തമാക്കി. നേരത്തെയും വ്യക്തിഗത സ്‌കോറുകളേക്കാള്‍ പ്രാധാന്യം ടീമിന്റെ വിജയമാണെന്ന് രോഹിത് ശര്‍മ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം 2023ലെ ലോകകപ്പ് ഫൈനലിലേറ്റ മുറിവ് ഇപ്പോഴും രോഹിത്തില്‍ നിന്നും പോയിട്ടില്ല എന്നത് വ്യക്തമാക്കുന്നതായിരുന്നു ഇന്നലത്തെ ഇന്നിങ്ങ്‌സെന്നാണ് ആരാധകര്‍ പറയുന്നത്.
 
2023ലെ ഏകദിന ലോകകപ്പ് ഫൈനലിലും എതിരാളികള്‍ക്കെതിരെ തുടക്കം മുതലേ ആക്രമിച്ചുകളിക്കുന്ന ശൈലിയാണ് രോഹിത് നടത്തിയതെങ്കിലും ടീമിനെ ഒരു മികച്ച നിലയിലെത്തിക്കുന്നത് വരെ ക്രീസില്‍ തുടരാന്‍ രോഹിത്തിനായിരുന്നില്ല. ഫൈനല്‍ മത്സരത്തിന്റെ തോല്‍വിയില്‍ നിന്നും മുന്നോട്ട് പോകാന്‍ തനിക്ക് ഒരുപാട് സമയം വേണ്ടിവന്നതായും രോഹിത് പിന്നീട് വ്യക്തമാക്കിയിരുന്നു. അന്ന് ലോകകപ്പ് ഫൈനലില്‍ തന്റെ ഭാഗത്ത് നിന്നും വന്ന പിഴവ് ഇത്തവണ ഉണ്ടാകില്ലെന്ന് ഉറപ്പാക്കിയുള്ളതായിരുന്നു രോഹിത്തിന്റെ പ്രകടനം.
 
 സെന്റ് ലൂസിയയില്‍ 41 പന്തില്‍ നിന്നും 92 റണ്‍സുമായാണ് ഇന്ത്യന്‍ നായകന്‍ തകര്‍ത്തടിച്ചത്. ഇതിനിടെ ടി20 ക്രിക്കറ്റില്‍ 200 സിക്‌സുകള്‍ എന്ന റെക്കോര്‍ഡും ഈ ലോകകപ്പിലെ ഏറ്റവും വേഗതയേറിയ അര്‍ധസെഞ്ചുറിയുമെല്ലാം താരം കുറിച്ചു. പവര്‍ പ്ലേയില്‍ ഓസീസ് ബൗളര്‍മാര്‍ക്കെതിരെ സമ്പൂര്‍ണ്ണ ആധിപത്യം നേടിയ രോഹിത് പവര്‍പ്ലേയില്‍ തന്നെ തന്റെ അര്‍ധസെഞ്ചുറിയും കുറിച്ചു. രോഹിത് 50 റണ്‍സിലെത്തുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ 52 റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. ഇതിനിടയില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഒരോവറില്‍ 29 റണ്‍സ് നേടി സംഹാരമൂര്‍ത്തിയാകാനും രോഹിത്തിന് കഴിഞ്ഞു. തനിക്ക് നേരെ പന്തെറിഞ്ഞവരെ എല്ലാം രോഹിത് തലങ്ങും വിലങ്ങും പായിച്ചപ്പോള്‍ അല്പമെങ്കിലും മര്യാദ രോഹിത് നല്‍കിയത് ജോഷ് ഹേസല്‍വുഡിന്റെ പന്തുകള്‍ക്കായിരുന്നു. ടീമിനെ മികച്ച സ്‌കോറിലെത്തിച്ച് രോഹിത് മടങ്ങിയതോടെ ഇന്ത്യന്‍ ഇന്നിങ്ങ്‌സും മന്ദഗതിയിലായി. 220ന് മുകളില്‍ പോകുമെന്ന് കരുതപ്പെട്ട ഇന്ത്യന്‍ സ്‌കോര്‍ 205 റണ്‍സില്‍ ഇതോടെ അവസാനിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍