Flop Kohli: കിംഗ് കോലിയല്ല, ഈ ലോകകപ്പില്‍ ഫ്‌ളോപ്പ് കോലി, ടൂര്‍ണമെന്റില്‍ 100 റണ്‍സ് പോലും എടുക്കാനാവാതെ സൂപ്പര്‍ താരം

അഭിറാം മനോഹർ

വ്യാഴം, 27 ജൂണ്‍ 2024 (22:02 IST)
Kohli Flop
വെസ്റ്റിന്‍ഡീസിലും അമേരിക്കയിലുമായി നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ വിരാട് കോലിയുടെ പ്രകടനത്തെ ചുറ്റിപറ്റിയാകുമെന്നാണ് ടി20 ലോകകപ്പിന് തൊട്ടുമുന്‍പ് വരെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ കരുതിയിരുന്നത്. ഐസിസി ടൂര്‍ണമെന്റുകളില്‍ മികച്ച റെക്കോര്‍ഡുള്ള കോലി ലോകകപ്പിന് തൊട്ടുമുന്‍പായി നടന്ന ഐപിഎല്ലില്‍ മിന്നുന്ന ഫോമിലുമായിരുന്നു.
 
 എന്നാല്‍ ലോകകപ്പിലെ സെമിഫൈനല്‍ മത്സരം വരെ എത്തിനില്‍ക്കുമ്പോള്‍ ടൂര്‍ണമെന്റില്‍ കളിച്ച 7 ഇന്നിങ്ങ്‌സുകളില്‍ നിന്നും 100 റണ്‍സ് പോലും നേടാന്‍ കോലിയ്ക്കായിട്ടില്ല. കോലിയുടെ സ്വാഭാവികമായ പൊസിഷനായ മൂന്നാം നമ്പറില്‍ നിന്നും മാറ്റി ഓപ്പണറാക്കിയ തീരുമാനം മൊത്തത്തില്‍ തിരിച്ചടിയാവുകയായിരുന്നു. ലോകകപ്പില്‍ കളിച്ച ഒരു ഇന്നിങ്‌സില്‍ പോലും ഓപ്പണറെന്ന നിലയില്‍ മികച്ച തുടക്കം നല്‍കാന്‍ കോലിയ്ക്കായില്ല. ഐപിഎല്ലിലെ ആദ്യ പന്ത് മുതല്‍ ആക്രമിച്ചുകളിക്കുന്ന രീതി ഇന്ത്യന്‍ ടീമിലും കൊണ്ടുവരാന്‍ കോലിയ്ക്ക് സാധിച്ചില്ല.
 
 4(3),1(5),0(1),24(24),37(28),0(5),9(9) എന്നിങ്ങനെ 7 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 75 റണ്‍സ് മാത്രമാണ് കോലി നേടിയത്. ഓപ്പണറെന്ന നിലയില്‍ പരാജയമായി എന്നത് മാത്രമല്ല യശ്വസി ജയ്‌സ്വാളിന് ലഭിക്കുമായിരുന്ന അവസരവും ഇതോടെ ഇല്ലാതെയായി. മൂന്നാം നമ്പറില്‍ കോലിയ്ക്ക് പകരമെത്തിയ റിഷഭ് പന്ത് ആദ്യ കളികളില്‍ തിളങ്ങിയെങ്കിലും പന്തും പിന്നീട് നിറം മങ്ങിയത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍