കോലിയെന്ന ബാറ്ററെ മാത്രമെ നിങ്ങൾക്കറിയു, ടി20 ലോകകപ്പ് സെമിയിൽ ഇന്ത്യയ്ക്കായി അവസാനം വിക്കറ്റ് വീഴ്ത്തിയ ബൗളർ കോലിയെന്ന് എത്രപേർക്കറിയാം

അഭിറാം മനോഹർ

വ്യാഴം, 27 ജൂണ്‍ 2024 (16:53 IST)
ഐസിസി ടി20 ലോകകപ്പ് സെമിഫൈനല്‍ മത്സരത്തിന്റെ ആവേശത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍. ഈ ലോകകപ്പില്‍ ഇതുവരെ തോല്‍വി അറിയാതെ എത്തിയ ഇന്ത്യയ്ക്ക് മുന്നില്‍ ഇംഗ്ലണ്ടാണ് സെമി ഫൈനലിലെ എതിരാളികള്‍. ഗ്രൂപ്പ് ഘട്ടത്തിലെ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് സൂപ്പര്‍ എട്ടില്‍ അമേരിക്കക്കെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയാണ് ജോസ് ബട്ട്ലറും സംഘവും ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. കഴിഞ്ഞ ടി20 ലോകകപ്പ് സെമിയിലും ഇന്ത്യയായിരുന്നു ഇംഗ്ലണ്ടിന്റെ എതിരാളികള്‍.
 
2007ലെ ആദ്യ ടി20 ലോകകപ്പ് എം എസ് ധോനിയുടെ നേതൃത്വത്തില്‍ സ്വന്തമാക്കിയിരുന്നെങ്കിലും കുട്ടി ക്രിക്കറ്റില്‍ പിന്നീട് കാര്യമായ നേട്ടമൊന്നും ആവര്‍ത്തിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. 17 വര്‍ഷത്തെ കിരീടവരള്‍ച്ച അവസാനിപ്പിക്കാനാണ് ഇത്തവണ ഇന്ത്യ ലക്ഷ്യമിടുന്നത്. സെമിഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമ്പോള്‍ ടി20 ലോകകപ്പ് സെമിയില്‍ ഇന്ത്യയ്ക്കായി അവസാനമായി വിക്കറ്റ് നേടിയ ബൗളര്‍ ഇന്ത്യന്‍ സൂപ്പര്‍ താരമായ വിരാട് കോലിയാണ് എന്നത് രസകരമായ വസ്തുതയാണ്.
 
2016ലെ ടി20 ലോകകപ്പിലെ സെമിഫൈനലില്‍ വെസ്റ്റിന്‍ഡീസിനെതിരെയായിരുന്നു കോലി വിക്കറ്റ് നേടിയത്. 36 പന്തില്‍ 52 റണ്‍സ് നേടിയ വിന്‍ഡീസ് താരം ജോണ്‍സണ്‍ ചാള്‍സിന്റെ വിക്കറ്റാണ് കോലി അന്ന് നേടിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ കരീബിയന്‍ പട 19.4 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

2016ലെ ഈ സെമിഫൈനല്‍ തോല്‍വിക്ക് ശേഷം 2022ലാണ് ഇന്ത്യ പിന്നീട് ടി20 ലോകകപ്പ് സെമിയിലെത്തിയത്. അന്ന് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മുന്നോട്ട് വെച്ച 169 റണ്‍സ് വിജയലക്ഷ്യം വിക്കറ്റൊന്നും നഷ്ടമാകാതെ ഇംഗ്ലണ്ട് 16 ഓവറില്‍ മറികടന്നു. 2 വര്‍ഷങ്ങള്‍ക്കിപ്പുറം അതേ ഇംഗ്ലണ്ട് തന്നെയാണ് സെമിയില്‍ വീണ്ടും ഇന്ത്യയുടെ എതിരാളികളാകുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍