സ്പിന്നിനെ ഓടിച്ചിട്ട് അടിക്കുന്ന ശിവം ദുബെയെ സ്പിന്നർമാരിൽ നിന്നും ഒളിപ്പിച്ച് ഇന്ത്യ, വിജയത്തിലും ചർച്ചയായി ശിവം ദുബെയുടെ പ്രകടനം

അഭിറാം മനോഹർ

വെള്ളി, 28 ജൂണ്‍ 2024 (12:45 IST)
Shivam Dube, Worldcup
ടി20 ലോകകപ്പ് സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഫൈനലിലെത്തിയെങ്കിലും ബാറ്റിംഗ് നിരയില്‍ ശിവം ദുബെയുടെ മോശം പ്രകടനത്തെ വീണ്ടും ചര്‍ച്ചയാക്കി ആരാധകര്‍. ലോകകപ്പില്‍ സ്പിന്നര്‍മാര്‍ക്കെതിരെ കളിക്കുന്നതിനായി സ്‌പെഷ്യലിസ്റ്റ് സ്പിന്‍ ബാഷറെന്ന നിലയിലാണ് ദുബെ ടീമിലെത്തിയത്. എന്നാല്‍ ഇംഗ്ലണ്ട് സ്പിന്നര്‍മാര്‍ അരങ്ങുതകര്‍ക്കുമ്പോള്‍ ദുബെയെ സംരക്ഷിച്ചുകൊണ്ട് ബാറ്റിംഗ് വൈകിപ്പിക്കുകയാണ് ഇന്ത്യന്‍ ടീം ചെയ്തത്. ആദില്‍ റഷീദ് എറിഞ്ഞ പതിനാലാം ഓവറില്‍ രോഹിത് പുറത്തായതിന് പിന്നാലെ ഇറങ്ങേണ്ടിയിരുന്ന ദുബെയ്ക്ക് പകരം ഹാര്‍ദ്ദിക്കിനെയായിരുന്നു ഇന്ത്യ കളത്തിലിറക്കിയത്.
 
സ്പിന്നര്‍മാരായ ആദില്‍ റഷീദും ലിയാം ലിവിങ്ങ്സ്റ്റണും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്ങ്‌സ് സ്‌കോറിംഗ് തടഞ്ഞുവെച്ച സമയത്തായിരുന്നു സ്പിന്‍ സ്‌പെഷ്യലിസ്റ്റെന്ന് പേര് കേട്ട ദുബെയെ കളത്തിലിറക്കാതെ ഹാര്‍ദ്ദിക്കിനെ ഇന്ത്യന്‍ ടീം ഇറക്കിവിട്ടത്. ഈ തീരുമാനം ആരാധകരെ അമ്പരപ്പിക്കുകയും ചെയ്തു. പതിനാറാം ഓവറില്‍ സൂര്യകുമാര്‍ യാദവ് പുറത്തായപ്പോഴും ദുബെയ്ക്ക് പകരം രവീന്ദ്ര ജഡേജയെയാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ബാറ്റിംഗിനയച്ചത്. പതിനെട്ടാം ഓവറില്‍ ഹാര്‍ദ്ദിക് പുറത്തായപ്പോള്‍ മാത്രമാണ് ദുബെ ബാറ്റിംഗിനിറങ്ങിയത്. എന്നാല്‍ ഇന്നിങ്ങ്‌സില്‍ നേരിട്ട ആദ്യപന്തില്‍ തന്നെ ദുബെ പുറത്തായി.
 
 ഓള്‍റൗണ്ടര്‍, ഇടം കയ്യന്‍ ബാറ്റര്‍,സ്പിന്‍ സ്‌പെഷ്യലിസ്റ്റ് എന്നീ നിലകളില്‍ ടീമിലെത്തിയിട്ടും ലോകകപ്പില്‍ ടീമിനായി യാതൊന്നും ചെയ്യാന്‍ ശിവം ദുബെയ്ക്കായിട്ടില്ല. മോശം പ്രകടനം തുടരുമ്പോഴും എന്തുകൊണ്ടാണ് ശിവം ദുബെയ്ക്ക് ടീം തുടര്‍ച്ചയായ അവസരങ്ങള്‍ നല്‍കുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ചോദിക്കുന്നത്. ഓള്‍ റൗണ്ടര്‍ എന്ന നിലയിലും ബാറ്ററെന്ന നിലയിലും യാതൊന്നും തന്നെ ചെയ്യാനാവാത്ത ദുബെയ്ക്ക് പകരം ഒരു മത്സരത്തില്‍ പോലും പകരക്കാരനായി സഞ്ജുവിനെയോ യശ്വസി ജയ്‌സ്വാളിനെയോ പരീക്ഷിക്കാന്‍ ടീം തയ്യാറായിരുന്നില്ല.

റിങ്കു സിംഗിനെ പോലെ തികഞ്ഞ ഒരു ഫിനിഷിംഗ് താരത്തെ ഒഴിവാക്കി ഓള്‍റൗണ്ടറെന്ന പേരില്‍ ദുബെയെ തിരെഞ്ഞെടുത്ത് റിങ്കുവിനോട് വലിയ നീതികേടാണ് ബിസിസിഐ ചെയ്തതെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു. സ്പിന്‍ ബാഷറെന്ന നിലയില്‍ വന്ന് സ്പിന്‍ കളിക്കാന്‍ പോലും പേടിക്കുന്ന താരമായി പരിഹാസ്യനായിരിക്കുകയാണ് ദുബെ ഇപ്പോള്‍.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍