Rohit Sharma: ഈ കപ്പൽ എങ്ങനെ ആടിയുലയാൻ, ഇവിടൊരു കപ്പിത്താനുണ്ട് രോഹിത് ഗുരുനാഥ് ശർമ

അഭിറാം മനോഹർ

ഞായര്‍, 30 ജൂണ്‍ 2024 (09:09 IST)
Rohit sharma, Captain
ഈ കപ്പലിനൊരു ക്യാപ്റ്റനുണ്ട്, ഈ കപ്പല്‍ ആടിയുലയുകില്ല എന്ന് ഒരു ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകന്‍ പറയണമെങ്കില്‍ ആ ടീമിനെ നയിക്കുന്നത് തീര്‍ച്ചയായും രോഹിത് ഗുരുനാഥ് ശര്‍മയെന്ന ഹിറ്റ്മാന്‍ ആയിരിക്കണം. ഏകദിന ലോകകപ്പ് ഫൈനല്‍ വരെയും ടീമിനെ മുന്നില്‍ നിന്ന് നയിച്ച് വിജയങ്ങള്‍ നേടികൊടുക്കാനായെങ്കിലും ഫൈനലില്‍ ടീമിനെ വിജയത്തിലെത്തിക്കുന്നതില്‍ രോഹിത് എന്ന നായകന്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ലോകകപ്പില്‍ ഉടനീളം രോഹിത് ടീമിനെ മുന്നില്‍ നിന്നും നയിച്ച രീതി ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
 
 2022ലെ ടി20 ലോകകപ്പിലെ പുറത്താകലിന് ശേഷം വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ അധികം ടി20 മത്സരങ്ങള്‍ കളിച്ചിരുന്നില്ലെങ്കിലും 2024ലെ ടി20 ലോകകപ്പില്‍ കൂടി ഇരുവരും തുടരാന്‍ തീരുമാനിച്ചത് ഇന്ത്യന്‍ ക്രിക്കറ്റിന് അന്യം നിന്ന ഐസിസി കിരീടനേട്ടം സ്വന്തമാക്കുക എന്ന ഒറ്റ ലക്ഷ്യത്തിലായിരുന്നു. ഏകദിന ലോകകപ്പിലെ പരാജയം മായ്ക്കുക എന്ന ഉറച്ച മനസ്സോടെ രോഹിത് ഇന്ത്യന്‍ ബാറ്റിംഗിനെ മുന്നില്‍ നിന്നും നയിച്ചപ്പോള്‍ നായകന് പിന്നില്‍ നിന്ന് കൊടുക്കുക എന്നതായിരുന്നു മറ്റുള്ളവര്‍ക്ക് ചെയ്യാനുണ്ടായിരുന്നത്.
 
 നായകന് കീഴിലെ ഏറ്റവും മൂര്‍ച്ചയുള്ള ആയുധങ്ങളായിരുന്ന ജസ്പ്രീത് ബുമ്ര, വിരാട് കോലി എന്നിവരില്‍ ബുമ്ര മാത്രമായിരുന്നു ഫൈനല്‍ വരെ ടീമിനായി പ്രതീക്ഷിച്ച പ്രകടനങ്ങള്‍ നടത്തിയത്. കോലി തുടര്‍ച്ചയായി പരാജയപ്പെടുന്നതില്‍ വിമര്‍ശനങ്ങള്‍ ശക്തമായപ്പോള്‍ നിങ്ങള്‍ അതോര്‍ത്തൊന്നും വിഷമിക്കേണ്ട അത് കോലിയാണ്. അദ്ദേഹം അദ്ദേഹത്തിന്റെ മികച്ച പ്രകടനം ഫൈനലിനായി മാറ്റിവെച്ചിരിക്കുകയാണെന്ന മറുപടിയാണ് രോഹിത് നല്‍കിയത്. ഫൈനല്‍ വരെ ടൂര്‍ണമെന്റില്‍ കോലി ആകെ നേടിയത് 75 റണ്‍സ് മാത്രമായിരുന്നു. എന്നാല്‍ ഫൈനല്‍ മത്സരത്തില്‍ നിന്ന് മാത്രം 76 റണ്‍സ് താരം കണ്ടെത്തി.
 
ഫൈനല്‍ മത്സരത്തില്‍ നായകനായ രോഹിത്തിന് പിഴച്ചപ്പോള്‍ കോലി ആ സാഹചര്യത്തില്‍ ഒരു പോരാളിയായി ഉയര്‍ന്നു. ലോകകപ്പ് തുടങ്ങുന്നത് വരെ ഇന്ത്യന്‍ ആരാധകരുടെ പരിഹാസങ്ങളേറ്റുവാങ്ങിയിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയായിരുന്നു ടൂര്‍ണമെന്റില്‍ രോഹിത്തിന്റെ മറ്റൊരു ആയുധം. പന്തുകൊണ്ടും ബാറ്റ് കൊണ്ടും മികച്ച പ്രകടനങ്ങള്‍ നടത്തിയ ഹാര്‍ദ്ദിക് തന്റെ നേര്‍ക്ക് കൂവലുകളുമായി കടന്നടുത്ത വിമര്‍ശകരരെയെല്ലാം ആരാധകരാക്കിയാണ് മടക്കിയത്. ടൂര്‍ണമെന്റില്‍ ഉടനീളം അക്‌സര്‍ പട്ടേല്‍,സൂര്യകുമാര്‍ യാദവ്,റിഷഭ് പന്ത്,ശിവം ദുബെ,അര്‍ഷദീപ് സിംഗ്,കുല്‍ദീപ് യാദവ് എന്നിവരും ടീമിന് നിര്‍ണായകമായ സംഭാവനകളാണ് നല്‍കിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍