11 വര്‍ഷങ്ങളില്‍ ഇന്ത്യ കളിച്ചത് 10 ടൂര്‍ണമെന്റുകളില്‍, ഒടുവില്‍ കിരീട വരള്‍ച്ചയ്ക്ക് അവസാനം

അഭിറാം മനോഹർ

ഞായര്‍, 30 ജൂണ്‍ 2024 (08:57 IST)
Worldcup,Indian Team
2013ലെ ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് ശേഷം ഐസിസി കിരീടങ്ങളില്ലെന്ന നാണക്കേടിന് അവസാനമിട്ട് ഇന്ത്യന്‍ ടീം. 2007ലെ പ്രഥമ ടി20 ലോകകപ്പ് വിജയിച്ചതിന് ശേഷം ഇതാദ്യമായാണ് ടി20 ക്രിക്കറ്റില്‍ ഇന്ത്യ ലോകകിരീടം സ്വന്തമാക്കിയത്. 2007ലെ ലോകകപ്പ് വിജയത്തില്‍ യുവനിരയാണ് ഇന്ത്യയെ കിരീടനേട്ടത്തിലേക്കെത്തിച്ചതെങ്കില്‍ ഇത്തവണ രോഹിത് ശര്‍മ- വിരാട് കോലി എന്നീ അതികായന്മാര്‍ ഇന്ത്യന്‍ വിജയത്തിന്റെ നെടുന്തൂണുകളായി. സെമിഫൈനല്‍ വരെയുള്ള മത്സരങ്ങളില്‍ കോലി ആകെ നേടിയത് 75 റണ്‍സായിരുന്നുവെങ്കില്‍ ഫൈനലില്‍ മാത്രം 76 റണ്‍സ് സ്വന്തമാക്കാന്‍ കോലിക്ക് സാധിച്ചു.
 
 ജയപരാജയ സാധ്യതകള്‍ മാറിമറിഞ്ഞ ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ശക്തമായ മത്സരമാണ് ദക്ഷിണാഫ്രിക്ക നല്‍കിയത്. മത്സരം കൈവിട്ടെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഹെന്റിച്ച് ക്ലാസനെ മടക്കാനായത് മത്സരത്തില്‍ വഴിതിരിവായി. ഒരറ്റത്ത് ഡേവിഡ് മില്ലര്‍ ഉള്ളതിനാല്‍ തന്നെ അപ്പോഴും ദക്ഷിണാഫ്രിക്കയ്ക്ക് മത്സരത്തില്‍ സാധ്യതയുണ്ടായിരുന്നു. അത്യന്തം സമ്മര്‍ദ്ദമേറിയ ഈ ഘട്ടത്തില്‍ ബൗണ്ടറിക്കരികെ മനോഹരമായ ഒരു ക്യാച്ചിലൂടെ സൂര്യകുമാറാണ് ഡേവിഡ് മില്ലറെ മടക്കിയത്. മില്ലര്‍ മടങ്ങിയ ശേഷം ഇന്ത്യ അനായാസകരമായി തന്നെ വിജയം തങ്ങളുടെ കൈപ്പടിയിലൊതുക്കുകയായിരുന്നു.
 
2007ലെ ടി20 ലോകകപ്പ് വിജയത്തീന് ശേഷം 2011ലെ ഏകദിന ലോകകപ്പും 2013ലെ ചാമ്പ്യന്‍സ് ട്രോഫിയുമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. മികച്ച താരങ്ങള്‍ ഇന്ത്യയ്ക്ക് ഉണ്ടായിട്ടും 2014, 2016,2021,2022 വര്‍ഷങ്ങളിലെ ടി20 ലോകകപ്പുകളില്‍ ഇന്ത്യ പുറത്തായി. ഇതില്‍ 2 ലോകകപ്പുകളില്‍ വിരാട് കോലിയായിരുന്നു ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. 2011ലെ ലോകകപ്പ് വിജയത്തിന് ശേഷം 2015ലെ ഏകദിന ലോകകപ്പ്,2019,2023 വര്‍ഷങ്ങളിലെ ലോകകപ്പ് വിജയങ്ങളും ഇന്ത്യ കൈവിട്ടു. ചുണ്ടിനോടടുത്ത് കപ്പ് എത്തിയ ശേഷമായിരുന്നു 2023ലെ ഏകദിന ലോകകപ്പ് ഇന്ത്യ കൈവിട്ടത്. ഇതിനിടെയുണ്ടായ 2 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പുകളുടെ ഫൈനലില്‍ എത്താനായെങ്കിലും അവിടെയും ഇന്ത്യയ്‌ക്കൊപ്പം വിജയമുണ്ടായില്ല. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാനോട് പരാജയപ്പെട്ടതും ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കി.
 
കഴിഞ്ഞ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി സെമിഫൈനല്‍ മത്സരങ്ങള്‍ കളിച്ചുകൊണ്ട് സ്ഥിരതയുള്ള പ്രകടനങ്ങളാണ് ഇന്ത്യ നടത്തിയിരുന്നെങ്കിലും സമ്മര്‍ദ്ദം ഏറെയുള്ള നോക്കൗട്ട് മത്സരങ്ങളില്‍ ടീം പതറുന്നത് സ്ഥിരമായിരുന്നു. അവസാനമായി 2023ലെ ഏകദിന ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ പോലും ഇന്ത്യയ്ക്ക് ഫൈനല്‍ സമ്മര്‍ദ്ദത്തെ അതിജീവിക്കാനായില്ല. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിജയസാധ്യത പ്രോട്ടീസിന് കൂടുതലായിരുന്നിട്ടും മത്സരത്തില്‍ തിരിച്ചെത്താനും വിജയം സ്വന്തമാക്കാനും ഇന്ത്യയ്ക്കായി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍