വിമർശനകൂരമ്പുകൾ ഉയർന്നപ്പോഴും രോഹിത് പറഞ്ഞു, പേടിക്കണ്ട കോലി എല്ലാം കരുതി വെച്ചിരിക്കുന്നത് ഫൈനലിന് വേണ്ടിയാണ്

അഭിറാം മനോഹർ

ഞായര്‍, 30 ജൂണ്‍ 2024 (09:40 IST)
Virat kohli,Indian Team
ടി20 ലോകകപ്പ് ഫൈനല്‍ മത്സരത്തിന് തൊട്ടുമുന്‍പ് വരെ ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും വിമര്‍ശനം കേട്ട വ്യക്തിയായിരുന്നു വിരാട് കോലി. ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായിട്ടും ലോകകപ്പില്‍ ഉടനീളം കോലിയുടെ ബാറ്റ് ശബ്ദിച്ചിരുന്നില്ല. തന്റെ സ്ഥിരം പൊസിഷനായ കൈവിട്ട് ഓപ്പണറായ തീരുമാനം കോലിയുടെ ബാറ്റിംഗിനെ ബാധിച്ചെന്നും കോലി എതിര്‍ ടീമിന് ഫ്രീ വിക്കറ്റായി മാറുമെന്നും ഫൈനലിന് തൊട്ടുമുന്‍പ് വരെ വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു.
 
 സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ നിഷ്പ്രഭരാക്കി ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയപ്പോഴും നായകന്‍ രോഹിത് ശര്‍മയ്ക്ക് നേരിടേണ്ടി വന്ന ആദ്യ ചോദ്യം ഈ ദയനീയമായ ഫോമില്‍ കളിക്കുന്ന വിരാട് കോലിയുടെ പ്രകടനത്തെ എങ്ങനെ കാണുന്നു എന്നതായിരുന്നു. കാലങ്ങളായി വിരാട് കോലി ആരാണ്, എന്താണ് എന്ന് വ്യക്തമായി അറിയുന്ന രോഹിത് ഇതിന് നല്‍കിയ മറുപടി അദ്ദേഹം തന്റെ മികച്ച പ്രകടനം ലോകകപ്പ് ഫൈനലിനായി മാറ്റിവെച്ചിരിക്കുകയാണ് എന്നതായിരുന്നു.
 
 2 ടി20 ലോകകപ്പുകളില്‍ ടൂര്‍ണമെന്റിലെ പ്രധാനതാരമായിരുന്ന ടി20 റാങ്കിംഗില്‍ തുടര്‍ച്ചയായി ഒന്നാം റാങ്കില്‍ നിന്നിരുന്ന മനുഷ്യന് ടി20 ക്രിക്കറ്റ് കളിക്കാന്‍ യോഗ്യതയില്ലെന്ന വിമര്‍ശനങ്ങള്‍ തന്റെ രോമത്തില്‍ പോലും തട്ടുന്നതല്ലെന്ന് ഇന്ത്യന്‍ ആരാധകര്‍ക്ക് ബോധ്യപ്പെടാന്‍ പിന്നെയും നിമിഷങ്ങളെടുത്തു. അതുവരെ ഇന്ത്യയെ മുന്നില്‍ നിന്നും നയിച്ച രോഹിത് ശര്‍മ എന്ന നായകന്‍ ഫൈനല്‍ മത്സരത്തില്‍ അടിയറവ് പറഞ്ഞപ്പോള്‍ ചാമ്പ്യന്‍ കോലി തന്റെ അവതാരോദ്ദേശം പൂര്‍ത്തിയാക്കാനായി വിശ്വരൂപം പുറത്തെടുത്തു. സമ്മര്‍ദ്ദഘട്ടത്തില്‍ വിക്കറ്റുകള്‍ സൂക്ഷിച്ചുകൊണ്ട് സ്‌കോര്‍ ഉയര്‍ത്തിയ കോലി 76 റണ്‍സാണ് മത്സരത്തില്‍ സ്വന്തമാക്കിയത്. 177 റണ്‍സ് എന്ന വിജയലക്ഷ്യം ഇന്ത്യ മുന്നോട്ട് വെച്ചപ്പോള്‍ 169 റണ്‍സിന് ദക്ഷിണാഫ്രിക്കന്‍ പോരാട്ടം അവസാനിക്കുകയായിരുന്നു. വിജയത്തോടെ ഫൈനലില്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കാനും കോലിയ്ക്ക് സാധിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍