2 തവണ ടി20 ലോകകപ്പിലെ താരം, എന്നാൽ ഇത്തവണ രണ്ടക്കം കടക്കാനായത് 2 തവണ മാത്രം, കോലിയുടേത് അപ്രതീക്ഷിത വീഴ്ച

അഭിറാം മനോഹർ

വെള്ളി, 28 ജൂണ്‍ 2024 (19:38 IST)
ഇത്തവണ ടി20 ലോകകപ്പ് മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ടീമില്‍ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും ടീമില്‍ തിരിച്ചെത്തിയത് പല ക്രിക്കറ്റ് ആരാധകരുടെയും നെറ്റി ചുളിപ്പിച്ച തീരുമാനമായിരുന്നു. ടി20 ക്രിക്കറ്റില്‍ തുടക്കം മുതല്‍ അക്രമിച്ച് കളിക്കുന്ന നിരവധി താരങ്ങള്‍ പുറത്തുനില്‍ക്കുമ്പോള്‍ പുതിയ ടീമുമായാണ് ഇന്ത്യ കളിക്കേണ്ടതെന്ന് അഭിപ്രായപ്പെട്ടവര്‍ നിരവധിയായിരുന്നു.
 
 ഐപിഎല്ലിലെ മികച്ച പ്രകടനത്തോടെ കോലി തനിക്ക് മുകളിലുള്ള പ്രതീക്ഷകള്‍ ഉയര്‍ത്തിയിരുന്നു. കൂടാതെ ടി20 ലോകകപ്പില്‍ 2 തവണ ടൂര്‍ണമെന്റിലെ മികച്ച താരമായതും ലോകകപ്പിലെ നോക്കൗട്ട് മത്സരങ്ങളിലെ താരത്തിന്റെ പ്രകടനമികവും കോലിയെ പുറത്താക്കാനാകാത്ത താരമാക്കി മാറ്റി. എന്നാല്‍ ലോകകപ്പിലെ 7 ഇന്നിങ്ങ്‌സുകള്‍ പൂര്‍ത്തിയാകുമ്പോള്‍ 75 റണ്‍സ് മാത്രമാണ് കോലിയ്ക്ക് നേടാനായത്. 2014,2016 ടി20 ലോകകപ്പുകളിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായി ഇരുന്നിടത്ത് നിന്നാണ് കോലിയുടെ ഈ വീഴ്ച.
 
 ലോകകപ്പിലെ 7 ഇന്നിങ്ങ്‌സുകളില്‍ 2 തവണ മാത്രമാണ് രണ്ടക്കം നേടാന്‍ കോലിയ്ക്കായത്. ബംഗ്ലാദേശിനെതിരെ സൂപ്പര്‍ എട്ടില്‍ നേടിയ 37 റണ്‍സാണ് ടൂര്‍ണമെന്റിലെ താരത്തിന്റെ ടോപ് സ്‌കോര്‍. മധ്യനിരയില്‍ സ്ഥിരമായി ബാറ്റ് ചെയ്തിരുന്ന കോലിയെ ഓപ്പണറാക്കി ഇറക്കിയ പരീക്ഷണം പാളിയതാണ് ഇത്തവണ കോലിയ്ക്ക് വിനയായത്. ഓരോ മത്സരത്തിന് ശേഷവും കോലി ഫോമില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും സെമി ഫൈനല്‍ വരെയും കോലിയുടെ പ്രകടനത്തില്‍ മാറ്റമുണ്ടായിട്ടില്ല. കോലിയെ ടീമില്‍ നിന്നും മാറ്റിനിര്‍ത്തിയാല്‍ ബാറ്റിംഗ് ഓര്‍ഡര്‍ തന്നെ മാറ്റേണ്ടി വരും എന്നതിനാല്‍ തന്നെ ഫൈനല്‍ മത്സരത്തില്‍ കോലിയെ മാറ്റി നിര്‍ത്താനാകില്ല, കൂടാതെ നോക്കൗട്ട് മത്സരങ്ങളില്‍ മികച്ച റെക്കോര്‍ഡുള്ള കോലിയെ ഫൈനല്‍ മത്സരത്തില്‍ മാറ്റിനിര്‍ത്തുന്നത് ഇന്ത്യയെ തിരിഞ്ഞുകൊത്താനും സാധ്യത ഏറെയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍