അവസാനം ബുമ്ര തന്നെ ജയിച്ചു, ഇനി അങ്ങനത്തെ സാഹചര്യം വന്നാൽ ഞാൻ ഇടപെടില്ല: സാം കോൺസ്റ്റാസ്

അഭിറാം മനോഹർ

ബുധന്‍, 8 ജനുവരി 2025 (17:53 IST)
ഇനിയൊരു സാഹചര്യമുണ്ടായാല്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയുമായി തര്‍ക്കിക്കാന്‍ നില്‍ക്കില്ലെന്ന് ഓസ്‌ട്രേലിയന്‍ യുവ ബാറ്റര്‍ സാം കോണ്‍സ്റ്റാസ്. ബോര്‍ഡര്‍ - ഗവാസ്‌കര്‍ പരമ്പരയ്ക്ക് പിന്നാലെ ഒരു ഓസ്‌ട്രേലിയന്‍ മാധ്യമവുമായി സംസാരിക്കവെയാണ് ബുമ്രയുമായുണ്ടായ തര്‍ക്കത്തെ പറ്റി 19 കാരനായ താരം മനസ്സ് തുറന്നത്.
 
 ഇന്ത്യ ഒരോവര്‍ കൂടി എറിയാതിരിക്കാന്‍ കുറച്ച് സമയം കളയാമല്ലോ എന്ന് കരുതിയാണ് അന്ന് സംസാരിക്കാന്‍ ചെന്നത്. എന്നാല്‍ അവസാനം ബുമ്ര തന്നെ വിജയിച്ചു. അദ്ദേഹം ഒരു ലോകോത്തര ബൗളറാണ്. പരമ്പരയിലാകെ 32 വിക്കറ്റുകളാണ് നേടിയത്. ഒരിക്കല്‍ കൂടി അങ്ങനൊരു സാഹചര്യം വന്നാല്‍ ഞാന്‍ ഒന്നും പറയാന്‍ പോകുന്നില്ല. സിഡ്‌നി ടെസ്റ്റില്‍ ആദ്യ ദിനമത്സരം അവസാനിപ്പിക്കുന്നതിന് തൊട്ട് മുന്‍പായിരുന്നു ബുമ്രയും കോണ്‍സ്റ്റസും തമ്മില്‍ ഉടക്കിയത്.
 
 ഓവറിലെ അവസാന പന്തെറിയാന്‍ ബുമ്ര ഒരുങ്ങിയെങ്കിലും സ്‌ട്രൈക്കിലുണ്ടായ ഖവാജ പന്ത് നേരിടാന്‍ തയ്യാറായിരുന്നില്ല.  ഈ സമയത്ത് നോണ്‍ സ്‌ട്രൈക്കറായിരുന്ന സാം കോണ്‍സ്റ്റാസും വിഷയത്തില്‍ ഇടപ്പെട്ടു. തുടര്‍ന്ന് തര്‍ക്കം ബുമ്രയും കോണ്‍സ്റ്റാസും തമ്മിലായി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ഉസ്മാന്‍ ഖവാജയെ പുറത്താക്കി ബുമ്ര മറുപടി നല്‍കുകയും ചെയ്തു. പതിവില്ലാത്ത വിധം ആക്രമണോത്സുകമായി സാം കോണ്‍സ്റ്റസിന് നേര്‍ക്കടുത്തുകൊണ്ടാണ് ബുമ്ര വിക്കറ്റ് ആഘോഷിച്ചത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍