പരിക്ക് വലയ്ക്കുന്നു, ഇരുപത്തിയെട്ടാം വയസ്സിൽ ടെസ്റ്റിൽ നിന്നും വിരമിക്കാനൊരുങ്ങി ഹാർദ്ദിക്

Webdunia
ബുധന്‍, 8 ഡിസം‌ബര്‍ 2021 (10:57 IST)
പരിക്ക് വലയ്ക്കുന്നതിനെ തുടർന്ന് ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യ ടെസ്റ്റ് മത്സരങ്ങളിൽ നിന്നും വിരമിക്കാനൊരുങ്ങുന്നു. ബിസിസിഐ ഒഫീഷ്യലിനെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
 
പൂർണമായും ഫിറ്റല്ലാത്തതിനാൽ ഏറെ കാലമായി ഹാർദ്ദിക് ബൗൾ ചെയ്‌തിരുന്നില്ല. ഫിറ്റ്‌നസ് പൂർണമായി വീണ്ടെടുക്കുന്നത് വരെ തന്നെ ടീമിലേക്ക് പരിഗണിക്കരുതെന്നും താരം ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. ടെസ്റ്റിൽ നിന്നും വിരമിച്ചാൽ നിശ്ചിത ഓവർ ക്രിക്കറ്റിൽ കൂടുതൽ കാലം ശ്രദ്ധ കേന്ദ്രീകരിക്കാമെന്നാണ് താരം കരുതുന്നത്.
 
അതേസമയം ടെസ്റ്റ് ടീമിന്റെ പ്രധാന ഭാഗമല്ല എന്നതിനാൽ ഹാർദ്ദിക്കിന്റെ തീരുമാനം ഇ‌ന്ത്യയുടെ ടെസ്റ്റ് പ്ലാനിനെ ബാധിക്കില്ല. എങ്കിലും 28 വയസ്സ് മാത്രമുള്ള പ്രതിഭാശാലിയായ താരത്തിന്റെ സേവനം ചെറിയ പ്രായത്തിൽ നഷ്ടമാവുന്നത് നിരാശ നൽകുന്ന വാർത്തയാണ്.ഹാര്‍ദിക്കിന്റെ അഭാവത്തില്‍ ടെസ്റ്റില്‍ പുതിയ സീം ബൗളിങ് ഓള്‍റൗണ്ടറായി ശാർദൂൽ ഠാക്കൂറിനെയാകും ഇന്ത്യ പരിഗണിക്കുക.
 
അതേസമയം ശസ്‌തക്രിയയ്ക്ക് ശേഷം 2020,21 സീസണുകളിലെ ഐപിഎൽ മത്സരങ്ങളിലും ഇന്ത്യയ്ക്കായി അടുത്തിടെ നടന്ന പരമ്പരകളിലും ഹാർദ്ദിക് ബൗൾ ചെയ്‌തിരുന്നില്ല.കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏകദിനം, ടി20 എന്നിവയിലായി ആകെ 46 ഓവറുകളാണ് ഹാര്‍ദിക് ബൗള്‍ ചെയ്തിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article