ഹാര്‍ദിക് പാണ്ഡ്യ ട്വന്റി 20 ക്യാപ്റ്റനാകും; രോഹിത് പുറത്തേക്ക്

Webdunia
ശനി, 3 ജൂണ്‍ 2023 (11:13 IST)
ഐപിഎല്ലില്‍ മോശം പ്രകടനം കാഴ്ചവെച്ച രോഹിത് ശര്‍മയ്ക്ക് ഇനി ഇന്ത്യന്‍ ട്വന്റി 20 ടീമില്‍ സ്ഥാനം ലഭിച്ചേക്കില്ല. രോഹിത്തിനെ ട്വന്റി 20 ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കും. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ടീമില്‍ വന്‍ അഴിച്ചുപണികള്‍ നടത്താനാണ് ബിസിസിഐ തീരുമാനം. യുവ താരങ്ങള്‍ അടങ്ങിയ ട്വന്റി 20 ടീമിനെ സജ്ജമാക്കാനാണ് ബിസിസിഐ സെലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത്തവണത്തെ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയ താരങ്ങള്‍ക്ക് അടുത്ത ട്വന്റി 20 ലോകകപ്പിന് മുന്‍പായി നടക്കുന്ന ടി 20 പരമ്പരകളില്‍ അവസരം നല്‍കും. ഈ മത്സരങ്ങളിലെ പ്രകടനം പരിഗണിച്ചായിരിക്കും ഇവരെ ലോകകപ്പ് ടീമിലേക്ക് സെലക്ട് ചെയ്യുക. 
 
അടുത്ത ട്വന്റി 20 ലോകകപ്പ് മുന്നില്‍കണ്ട് ഒരു തലമുറ മാറ്റത്തിനാണ് ഇന്ത്യ ആലോചിക്കുന്നത്. രോഹിത് ശര്‍മ, വിരാട് കോലി, കെ.എല്‍.രാഹുല്‍ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ ഇനി ട്വന്റി 20 കളിക്കാന്‍ സാധ്യത കുറവാണ്. ഹാര്‍ദിക് പാണ്ഡ്യയെ ട്വന്റി 20 ഫോര്‍മാറ്റില്‍ മുഴുവന്‍ സമയ നായകനാക്കാനാണ് ആലോചന. റിഷഭ് പന്ത് മടങ്ങിയെത്തുകയാണെങ്കില്‍ അദ്ദേഹത്തിന്റെ ഫിറ്റ്നെസും ഫോമും വിലയിരുത്തിയ ശേഷം ഹാര്‍ദിക്കിനൊപ്പം പന്തിന്റെ പേരും പരിഗണിച്ചേക്കും. 
 
സീനിയര്‍ താരങ്ങളെ ഇനി ട്വന്റി 20 യിലേക്ക് പരിഗണിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കി കഴിഞ്ഞു. അടുത്ത ട്വന്റി 20 ലോകകപ്പ് ആകുമ്പോഴേക്കും ശുഭ്മാന്‍ ഗില്‍, യഷ്വസി ജയ്സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ, റിങ്കു സിങ് തുടങ്ങിയ താരങ്ങള്‍ ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ ഭാഗമായേക്കും. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article