റിസ്‌വാനെ ചേർത്ത് പിടിക്കുന്ന ഹാർദ്ദിക്: വിദ്വേഷത്തിൻ്റെ കാലത്ത് സ്നേഹം പടർത്തുന്ന കാഴ്ച

Webdunia
തിങ്കള്‍, 29 ഓഗസ്റ്റ് 2022 (18:52 IST)
ഇന്ത്യയും പാകിസ്ഥാനും കളിക്കളത്തിൽ ഏറ്റുമുട്ടുമ്പോൾ ആരാധകരെ സംബന്ധിച്ചും അത് ആവേശകരമായ ഒരു അനുഭവമാണ്. കളിക്കളത്തിലെ ചിരവൈരികളോട് ഏൽക്കുന്ന തോൽവി ഇരു രാജ്യങ്ങളിലെയും ആരാധകരെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിവിടാറുണ്ട്. കളിക്കളത്തിലും ഈ ആവേശം കടന്നുവരുമ്പോൾ കളിക്കാർ തമ്മിൽ പോർവിളികളും സ്ലെഡ്ജിങ്ങുമെല്ലാം അതിരുവിടുന്നതും പതിവാണ്.
 
ആമിർ സുഹൈലിൻ വെങ്കിടേഷ് പ്രസാദ് വിക്കറ്റിലൂടെ നൽകിയ മറുപടിയും ഷാഹിദ് അഫ്രീദിയും ഗൗതം ഗംഭീറുമായി നടന്ന തർക്കമെല്ലാം ഇന്നലത്തേതെന്ന പോലെ ആരാധകരുടെ ഓർമയിലുണ്ട്. എന്നാൽ അത്തരം രംഗങ്ങളല്ല നിലവിൽ ഇന്ത്യ-പാകിസ്ഥാൻ പോരുകളിൽ കാണാനാവുന്നത്. ഇരു ടീമിലെ താരങ്ങൾ തമ്മിൽ ഗ്രൗണ്ടിലും പുറത്തുമുള്ള സൗഹൃദനിമിഷങ്ങൾ ക്രിക്കറ്റ് ആരാധകരെ സന്തോഷപ്പെടുത്തുന്നതാണ്. ഇരുനിരയിലെയും പ്രിയതാരങ്ങൾ പരസ്പരം ബഹുമാനിച്ച് ആരോഗ്യകരമായ രീതിയിൽ മത്സരിക്കുന്നത് ഇരു രാജ്യങ്ങൾ തമ്മിൽ നിലനിൽക്കുന്ന ഭിന്നതയിൽ ഒരൽപ്പമെങ്കിലും അയവ് വരുത്തുമെന്ന് കരുതാം.
 
മുൻകാലങ്ങളിലും കളിക്കളത്തിൽ ഈ ശത്രുത നിലനിന്നിരുന്നെങ്കിലും വസീം അക്രം, വഖാർ യൂനിസ്,ഇൻസമാം ഉൾ ഹഖ് തുടങ്ങിയ പാക് താരങ്ങൾക്ക് ഇന്ത്യയിലും സച്ചിൻ,ധോനി,ദ്രാവിഡ് തുടങ്ങിയ ഇന്ത്യൻ താരങ്ങൾക്ക് പാകിസ്ഥാനിലും ആരാധകർ ഉണ്ടായിരുന്നു. ഇന്ത്യയും പാകിസ്ഥാനും നേർക്ക് നേർ കളിക്കുന്ന മത്സരങ്ങൾ ഐസിസി പോരാട്ടങ്ങളിലേക്ക് ചുരുങ്ങിയതോടെയാണ് പാക് താരങ്ങളോടുള്ള അപരിചിതത്വവും ഇവിടെ രൂപപ്പെട്ടത്.
 
എന്നാൽ താരങ്ങൾക്കിടയിൽ അത്തരം ഭിന്നതകളൊന്നും തന്നെയില്ലെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ഇന്ത്യ-പാക് മത്സരങ്ങളിലെ കാഴ്ചകൾ. മുഹമ്മദ് റിസ്‌വാനെയും ബാബർ അസമിനെയും ചേർത്ത് നിർത്തിയ കോലിയേയും പരിക്കേറ്റ ഷഹീൻ അഫ്രീദിയോട് സൗഹൃദം പുതുക്കുന്ന ഇന്ത്യൻ ടീമിനെയും കായികലോകം ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇംഗ്ലണ്ട് കൗണ്ടിയിൽ മുഹമ്മദ് റിസ്‌വാനും ചേതേശ്വർ പുജാരയും സഹതാരങ്ങളായിരുന്നു.
 
അത്തരത്തിലുള്ള സുഖകരമായ കാഴ്ചകളാണ് ഇന്നലെ നടന്ന മത്സരത്തിൽ മത്സരത്തിനിടെ ഹാർദ്ദിക് പാണ്ഡ്യ പാക് വിക്കറ്റ് കീപ്പിങ് താരമായ റിസ്വാനെ പിന്നിലൂടെ ചെന്ന് കഴുത്തിൽ കൈയിട്ട് ചേർത്ത് നിർത്തിയ നിമിഷം. ഈ ദൃശ്യങ്ങൾ പെട്ടെന്നാണ് കായികപ്രേമികൾ ഏറ്റെടുത്തത്. ഇതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്തു.
 
നേരത്തെ ഇന്ത്യൻ താരമായ വിരാട് കോലിയുടെ മടങ്ങിവരവിനായി താൻ ദുഅ ചെയ്യുന്നുണ്ടെന്ന് ഷഹീൻ ഷാ അഫ്രീദി പറയുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കളിക്കളത്തിലെ സൗദൃദകാഴ്ചകളുടെ തുടക്കമായി ഏഷ്യാക്കപ്പ് മാറട്ടെയെന്നാണ് ക്രിക്കറ്റ് ആരാധകരും പ്രാർഥിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article