Hardik Pandya: 'ടെന്‍ഷന്‍ വേണ്ട, ഞാനില്ലേ ഇവിടെ'; അവസാന ഓവറില്‍ സിംഗിള്‍ നിഷേധിച്ച് പാണ്ഡ്യ, തൊട്ടടുത്ത പന്ത് നിലംതൊട്ടില്ല ! അപാര കോണ്‍ഫിഡന്‍സെന്ന് സോഷ്യല്‍ മീഡിയ
Hardik Pandya: ക്രീസില്‍ ആത്മവിശ്വാസത്തിന്റെയും ധൈര്യത്തിന്റെയും പ്രതിരൂപമായി ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക്ക് പാണ്ഡ്യ. ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ മുന്‍നിര ബാറ്റര്‍മാര്‍ പോലും പതറിയപ്പോള്‍ വളരെ കൂളായി വന്ന് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു ഹാര്‍ദിക്ക്. 17 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 33 റണ്‍സെടുത്ത് ഹാര്‍ദിക്ക് പാണ്ഡ്യ പുറത്താകാതെ നിന്നു. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 148 റണ്‍സ് പിന്തുടരുകയായിരുന്ന ഇന്ത്യ 89-4 എന്ന നിലയില്‍ പതറുമ്പോഴാണ് ഹാര്‍ദിക്ക് ക്രീസിലെത്തിയത്. അപ്പോള്‍ 34 പന്തില്‍ നിന്ന് 59 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.
പാക്ക് ബൗളര്‍മാരെ യാതൊരു കൂസലുമില്ലാതെ അടിച്ചുപറത്തിയ ഹാര്‍ദിക്ക് അവസാന ഓവറില്‍ കാണിച്ച ധൈര്യത്തെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പുകഴ്ത്തുന്നത്. അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് ഏഴ് റണ്‍സായിരുന്നു. മുഹമ്മദ് നവാസ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ രവീന്ദ്ര ജഡേജ പുറത്തായപ്പോള്‍ നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ നില്‍ക്കുകയായിരുന്ന ഹാര്‍ദിക്ക് നിരാശപ്പെട്ടു. പിന്നീട് അഞ്ച് പന്തില്‍ ജയിക്കാന്‍ ഏഴ് റണ്‍സ് എന്ന നിലയിലായി.
ജഡേജ പുറത്തായ ശേഷം ക്രീസിലെത്തിയ ദിനേശ് കാര്‍ത്തിക്ക് ആ ഓവറിലെ രണ്ടാം പന്തില്‍ സിംഗിള്‍ നേടി. നാല് പന്തില്‍ ഇനി ജയിക്കാന്‍ വേണ്ടത് ആറ് റണ്‍സ് ! ക്രീസില്‍ ഹാര്‍ദിക്ക് പാണ്ഡ്യ ! അവസാന ഓവറിലെ മൂന്നാം പന്തില്‍ സിംഗിളിനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ ഹാര്‍ദിക്ക് ആ സിംഗിള്‍ നിഷേധിച്ചു. 'പേടിക്കേണ്ട, ഞാന്‍ ഇവിടെയില്ലേ' എന്ന ധ്വനിയില്‍ നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ നില്‍ക്കുന്ന ദിനേശ് കാര്‍ത്തിക്കിനെ നോക്കി ഹാര്‍ദിക്ക് ആംഗ്യം കാണിച്ചു. തൊട്ടടുത്ത പന്തില്‍ സിക്‌സര്‍ പറത്തി വളരെ കൂളായി ഹാര്‍ദിക്ക് ഇന്ത്യക്ക് ജയം സമ്മാനിച്ചു.