Asia Cup 2022, India vs Pakistan: ഭയപ്പെടുത്തി പാക്ക് ബൗളര്‍മാര്‍, ഉരുക്കുമനുഷ്യനായി ഹാര്‍ദിക്ക്; ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം

ഞായര്‍, 28 ഓഗസ്റ്റ് 2022 (19:55 IST)
Asia Cup 2022, India vs Pakistan: ഭയപ്പെടുത്തി പാക്ക് ബൗളര്‍മാര്‍, ഉരുക്കുമനുഷ്യനായി ഹാര്‍ദിക്ക്; ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം 
 
ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. അവസാനം വരെ നാടകീയത നിറഞ്ഞ മത്സരത്തില്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക്ക് പാണ്ഡ്യയുടെ പോരാട്ടവീര്യമാണ് ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചത്. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്തുകള്‍ ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ സ്വന്തമാക്കി. 
 
താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിടേണ്ടിവന്നു. റണ്‍സൊന്നും എടുക്കാതെ കെ.എല്‍.രാഹുല്‍ പുറത്തായി. ഷഹീന്‍ ഷാ അഫ്രീദിക്ക് പകരം പാക്ക് പേസ് നിരയിലേക്ക് കടന്നുവന്ന നസീം ഷായാണ് ഇന്ത്യക്ക് ആദ്യ തിരിച്ചടിയേകിയത്. പിന്നീട് ക്രീസിലെത്തിയ വിരാട് കോലിയേയും നസീം ഷാ പേടിപ്പിച്ചു. പിന്നീട് താളം കണ്ടെത്തിയ കോലി ഒരറ്റത്ത് നങ്കൂരമിട്ടത് ഇന്ത്യക്ക് അടിത്തറയായി. മറുവശത്ത് റണ്‍സ് കണ്ടെത്താന്‍ സാധിക്കാതെ രോഹിത് ശര്‍മ പ്രതിരോധത്തിലായി. 18 പന്തില്‍ 12 റണ്‍സുമായി രോഹിത് പുറത്താകുമ്പോള്‍ ഇന്ത്യ 50-2 എന്ന നിലയിലായിരുന്നു. തൊട്ടുപിന്നാലെ 34 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത കോലിയും കൂടാരം കയറി. മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായതോടെ ഇന്ത്യ പ്രതിരോധത്തിലായെങ്കിലും രവീന്ദ്ര ജഡേജയും ഹാര്‍ദിക്ക് പാണ്ഡ്യയും ഉത്തരവാദിത്തത്തോടെ ബാറ്റ് വീശിയത് ഇന്ത്യയെ സുരക്ഷിത സ്ഥാനത്തെത്തിച്ചു. 
 
ജഡേജ 29 പന്തില്‍ രണ്ട് ഫോറും രണ്ട് സിക്‌സും സഹിതം 35 റണ്‍സെടുത്ത് പുറത്തായി. സൂര്യകുമാര്‍ യാദവ് 18 പന്തില്‍ 18 റണ്‍സെടുത്തു. വെറും 17 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 33 റണ്‍സുമായി പുറത്താകാതെ നിന്ന ഹാര്‍ദിക് പാണ്ഡ്യ അക്ഷരാര്‍ത്ഥത്തില്‍ പാക്ക് ബൗളര്‍മാരെ നിഷ്പ്രഭമാക്കി. ബൗളിങ്ങിലും പാണ്ഡ്യ തിളങ്ങി. 
 
മുഹമ്മദ് നവാസ് 3.4 ഓവറില്‍ 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ട്വന്റി 20 അരങ്ങേറ്റം കുറിച്ച നസീം ഷാ നാല് ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. നസീം ഷായുടെ പന്തുകള്‍ കളിക്കാന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഏറെ പ്രായസപ്പെട്ടു. 
 
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാനെ ഷോര്‍ട് ബോളുകള്‍ കൊണ്ട് ഇന്ത്യ വെള്ളം കുടിപ്പിച്ചു. പാക്കിസ്ഥാന്‍ 19.5 ഓവറില്‍ 147 റണ്‍സിന് ഓള്‍ഔട്ടായി. 42 പന്തില്‍ നാല് ഫോറും ഒരു സിക്സും സഹിതം 43 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഇഫ്തിഖര്‍ അഹമ്മദ് 22 പന്തില്‍ 28 റണ്‍സ് നേടി. ബാബര്‍ അസം (10), ഫഖര്‍ സമന്‍ (10) എന്നിവര്‍ നിരാശപ്പെടുത്തി. 
 
ഇന്ത്യയുടെ ഷോര്‍ട് ബോള്‍ ആക്രമണത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പാക്ക് ബാറ്റര്‍മാര്‍ നന്നായി പ്രയാസപ്പെട്ടു. ഹാര്‍ദിക് പാണ്ഡ്യയും അര്‍ഷ്ദീപ് സിങ്ങും തുടര്‍ച്ചയായി ഷോര്‍ട് ബോളുകള്‍ എറിഞ്ഞ് പാക്കിസ്ഥാന്റെ റണ്ണൊഴുക്ക് തടഞ്ഞു. ബുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തി. ഹാര്‍ദിക് നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. അര്‍ഷ്ദീപ് സിങ് രണ്ടും ആവേശ് ഖാന്‍ ഒരു വിക്കറ്റും വീഴ്ത്തി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍