England into Semi Final: ട്വന്റി 20 ലോകകപ്പിന്റെ സെമി ഫൈനലില്‍ കയറുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്. സൂപ്പര്‍ എട്ടില്‍ യുഎസ്എയ്‌ക്കെതിരെ നേടിയ പത്ത് വിക്കറ്റ് ജയത്തോടെയാണ് ഇംഗ്ലണ്ട് സെമി ഉറപ്പിച്ചത്. ഒരു ഘട്ടത്തില്‍ ഗ്രൂപ്പ് ഘട്ടം കടക്കുമോ എന്ന് സംശയിച്ച ടീമാണ് ഇംഗ്ലണ്ട്. യുഎസ്എയ്‌ക്കെതിരായ മത്സരത്തില്‍ 62 പന്തുകള്‍ ശേഷിക്കെ ജയിച്ചതോടെ ഇംഗ്ലണ്ടിന്റെ നെറ്റ് റണ്‍റേറ്റ് റോക്കറ്റ് പോലെ ഉയര്‍ന്നു. ഇതാണ് സെമി ഫൈനല്‍ പ്രവേശനത്തില്‍ നിര്‍ണായകമായത്.
ആദ്യം ബാറ്റ് ചെയ്ത യുഎസ്എ 18.5 ഓവറില്‍ 115 ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 9.4 ഓവറില്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ ലക്ഷ്യം കണ്ടു. ഇംഗ്ലണ്ട് സ്പിന്നര്‍ ആദില്‍ റാഷിദ് ആണ് കളിയിലെ താരം. നാല് ഓവറില്‍ 13 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകളാണ് റാഷിദ് വീഴ്ത്തിയത്. ക്രിസ് ജോര്‍ദാന് ഹാട്രിക് അടക്കം നാല് വിക്കറ്റ്. സാം കറാനും രണ്ട് വിക്കറ്റ് വീഴ്ത്തി.
യുഎസ്എയുടെ സ്‌കോര്‍ പിന്തുടരാന്‍ ഇറങ്ങിയ ഇംഗ്ലണ്ട് തുടക്കം മുതല്‍ ബൗണ്ടറികള്‍ പായിച്ചു. നായകന്‍ ജോസ് ബട്‌ലര്‍ 38 പന്തില്‍ ആറ് ഫോറും ഏഴ് സിക്‌സും സഹിതം 83 റണ്‍സുമായി ബട്‌ലര്‍ പുറത്താകാതെ നിന്നു. ഫിലിപ് സാള്‍ട്ട് 21 പന്തില്‍ 25 റണ്‍സെടുത്തു.