ബംഗ്ലാദേശിനെതിരെ മിന്നിച്ചു, ലോകകപ്പുകളിൽ നിന്ന് മാത്രം 3,000 റൺസെന്ന മിന്നുന്ന റെക്കോർഡ് സ്വന്തമാക്കി കോലി

അഭിറാം മനോഹർ

ഞായര്‍, 23 ജൂണ്‍ 2024 (14:22 IST)
ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മിന്നുന്ന പ്രകടനത്തിനിടെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി. ബംഗ്ലാദേശിനെതിരെ 28 പന്തില്‍ 37 റണ്‍സാണ് താരം സ്വന്തമാക്കിയത്. ലോകകപ്പിലെ ആദ്യ മത്സരങ്ങളിലൊന്നും തിളങ്ങാനായില്ലെങ്കിലും അതിന്റെ യാതൊരു വിധ സമ്മര്‍ദ്ദവും കാണിക്കാതെയാണ് കോലി ബാറ്റ് വീശിയത്. ഇതിനിടെയാണ് ടി20, ഏകദിന ലോകകപ്പുകളില്‍ നിന്നായി 3,000 റണ്‍സെന്ന നാഴികകല്ല് കോലി പിന്നിട്ടത്.
 
 32 ഐസിസി ടി20 ലോകകപ്പ് മത്സരങ്ങളില്‍ നിന്നായി 63.52 ശരാശരിയില്‍ 1207 റണ്‍സാണ് നിലവില്‍ കോലിയുടെ പേരിലുള്ളത്. 14 അര്‍ധസെഞ്ചുറികള്‍ ഉള്‍പ്പടെയാണ് ഈ നേട്ടം. കൂടാതെ 2014,2016 ടി20 ലോകകപ്പുകളിലും പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌കാരം നേടാനും കോലിയ്ക്ക് സാധിച്ചിരുന്നു. നിലവില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ 5 മത്സരങ്ങളില്‍ നിന്നും 66 റണ്‍സ് മാാത്രമാണ് കോലിയ്ക്ക് നേടാനായിട്ടുള്ളത്.
 
37 ഏകദിന ലോകകപ്പ് മത്സരങ്ങളില്‍ നിന്നും 59.83 ശരാശരിയില്‍ 1795 റണ്‍സാണ് കോലി നേടിയിട്ടുള്ളത്. 5 സെഞ്ചുറികളും 12 അര്‍ധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ 2023ലെ ഏകദിന ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌കാരം നെടാനും കോലിയ്ക്ക് സാധിച്ചിരുന്നു. ലോകകപ്പിലെ 11 മത്സരങ്ങളില്‍ നിന്നും 765 രണ്‍സാണ് കോലി നേടിയത്. ഐസിസി ടൂര്‍ണമെന്റുകളില്‍ ടി20,ഏകദിന ഫോര്‍മാറ്റുകളിലായി 3,002 റണ്‍സാണ് താരത്തിന്റെ പേരിലുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍