ഹാർദ്ദിക് ഇന്ത്യയ്ക്ക് ഏറെ പ്രധാനപ്പെട്ട താരം, പ്രശംസയുമായി ഹിറ്റ്മാൻ

അഭിറാം മനോഹർ

ഞായര്‍, 23 ജൂണ്‍ 2024 (11:31 IST)
ഇക്കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ആരാധകരുടെ വിമര്‍ശനങ്ങള്‍ക്കും കൂക്കുവിളികള്‍ക്കും പാത്രമായ താരമാണ് ഹാര്‍ദ്ദിക് പാണ്ഡ്യ. മുംബൈ ഇന്ത്യന്‍സ് നായകസ്ഥാനത്ത് നിന്നും രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദ്ദിക്കിനെ നായകനാക്കിയതായിരുന്നു ആരാധകരെ ചൊടുപ്പിച്ചത്. ഐപിഎല്ലില്‍ പന്ത് കൊണ്ടും ബാറ്റ് കൊണ്ടും കാര്യമായ പ്രകടനങ്ങള്‍ സാധിക്കാതെ വന്നതോടെ താരത്തിനെതിരായ വിമര്‍ശനം ശക്തമായിരുന്നു.
 
 എന്നാല്‍ ടി20 ലോകകപ്പില്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും ഇന്ത്യന്‍ ടീമിന് മികച്ച സംഭാവനയാണ് ഹാര്‍ദ്ദിക് നല്‍കുന്നത്. ബംഗ്ലാദേശിനെതിരായ സൂപ്പര്‍ 8 പോരാട്ടത്തില്‍ അര്‍ധസെഞ്ചുറി നേടി ടീമിന്റെ ടോപ് സ്‌കോറര്‍ ആകാന്‍ ഹാര്‍ദ്ദിക്കിന് സാധിച്ചിരുന്നു. ഒപ്പം ഒരു വിക്കറ്റും മത്സരത്തില്‍ താരം സ്വന്തമാക്കി. ഇപ്പോഴിതാ ഈ പ്രകടനത്തിന് പിന്നാലെ ഹാര്‍ദ്ദിക്കിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ ടീം നായകനായ രോഹിത് ശര്‍മ. ഹാര്‍ദ്ദിക് നന്നായി ബാറ്റ് ചെയ്തതാണ് ടീമിന് മികച്ച ടോട്ടല്‍ സമ്മാനിച്ചതെന്ന് രോഹിത് പറയുന്നു. 5,6 പൊസിഷനില്‍ അവസാനം മികച്ച രീതിയില്‍ ഫിനിഷ് ചെയ്യാനാണ് ടീം ആഗ്രഹിക്കുന്നത്. ഹാര്‍ദ്ദിക്കിന്റെ കഴിവ് എന്താണെന്ന് ഞങ്ങള്‍ക്കറിയാം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കളിക്കാരനാണ് ഹാര്‍ദ്ദിക്. അവന് ഈ മികവ് തുടരാനാകുമെങ്കില്‍ അത് ടീമിന് മുതല്‍ക്കൂട്ടായി മാറും. രോഹിത് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍