ഇന്ത്യയെ നേരിടാന്‍ ഇന്ത്യന്‍ താരത്തെ വേണം, ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി ദിനേശ് കാര്‍ത്തിക്കിനെ നിയമിച്ച് ഇംഗ്ലണ്ട്

അഭിറാം മനോഹർ
വ്യാഴം, 11 ജനുവരി 2024 (18:51 IST)
ഇന്ത്യന്‍ എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ താരമായ ദിനേശ് കാര്‍ത്തികിനെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി നിയമിച്ച് ഇംഗ്ലണ്ട്. ഈ മാസം അവസാനം ഇന്ത്യക്കെതിരെ ആരംഭിക്കാനിരിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് സീരീസിന് മുന്നോടിയായാണ് ഇന്ത്യന്‍ താരത്തെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി ഇംഗ്ലണ്ട് നിയമിച്ചത്. ഇന്ത്യ എ ടീമിനെതിരെ 2 ടെസ്റ്റുകളടങ്ങിയ അനൗദ്യോഗിക പരമ്പരയാണ് ഇംഗ്ലണ്ട് കളിക്കുന്നത്.
 
ഇന്ത്യ എക്കെതിരായ പരമ്പരയിലെ ആദ്യ 9 ദിവസങ്ങളിലായിരിക്കും ദിനേശ് കാര്‍ത്തിക് ഇംഗ്ലണ്ട് എ ടീമിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുക.. ആഭ്യന്തര ക്രിക്കറ്റില്‍ രഞ്ജി ട്രോഫിയില്‍ തമിഴ്‌നാടിന് വേണ്ടി കളിക്കുന്നതിനാല്‍ പരപരയ്ക്കിടെ താരം മടങ്ങും. സ്പിന്നര്‍മാര്‍ക്ക് ഏറെ സഹായം ലഭിക്കുന്ന ഇന്ത്യന്‍ പിച്ചുകളില്‍ എങ്ങനെ ബാറ്റ് ചെയ്യാമെന്ന ഉപദേശമാകും ബാറ്റിംഗ് കണ്‍സള്‍ട്ടന്റ് എന്ന നിലയില്‍ ദിനേശ് കാര്‍ത്തിക് നല്‍കുക. ഇംഗ്ലണ്ട് എ ടീമിന് സ്പിന്‍ ഉപദേശകനായി മുന്‍ ഇംഗ്ലണ്ട് താരം ഗ്രെയിം സ്വാനിനെയും നിയമിച്ചിട്ടുണ്ട്.
 
ലങ്കാഷെയര്‍ താരം ജോഷ് ബോനണ്‍ ആണ് ഇംഗ്ലണ്ട് എ ടീമിനെ നയിക്കുന്നത്.അഭിമന്യൂ ഈശ്വരനാണ് ഇന്ത്യന്‍ എ ടീമിനെ നയിക്കുക. നാളെ ദ്വിദിന സന്നാഹ മത്സരത്തോടെയാണ് ഇംഗ്ലണ്ട് എ ഇന്ത്യ എ പരമ്പര തുടങ്ങുന്നത്. ധ്രുവ് ജുറെല്‍,രജത് പാട്ടീദാര്‍,കെ എസ് ഭരത്,സര്‍ഫറാസ് ഖാന്‍,സായ് സുദര്‍ശന്‍ തുടങ്ങിയ യുവതാരങ്ങള്‍ അടങ്ങുന്നതാണ് ഇന്ത്യയുടെ എ ടീം.

അനുബന്ധ വാര്‍ത്തകള്‍

Next Article