അഫ്ഗാനെതിരെയും സഞ്ജു തിളങ്ങുമെന്ന് ഡിവില്ലിയേഴ്സ്, നാക്ക് പൊന്നാകട്ടെയെന്ന് ആരാധകർ

അഭിറാം മനോഹർ
വ്യാഴം, 11 ജനുവരി 2024 (17:59 IST)
മലയാളി താരം സഞ്ജു സാംസണിന് അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യന്‍ ടി20 ടീമില്‍ സ്ഥാനം ലഭിച്ചതില്‍ സന്തോഷം പങ്കുവെച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരമായ എ ബി ഡിവില്ലിയേഴ്‌സ്. ഐപിഎല്ലില്‍ രാജസ്ഥാനായി നടത്തുന്നത് പോലെ ഇന്ത്യന്‍ ജേഴ്‌സിയിലും മികച്ച പ്രകടനം നടത്താന്‍ സഞ്ജുവിനാകുമെന്ന് ഡിവില്ലിയേഴ്‌സ് പറയുന്നു.
 
നേരത്തെ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ സഞ്ജു സാംസണ്‍ തിളങ്ങുമെന്ന് ഡിവില്ലിയേഴ്‌സ് പ്രവചനം നടത്തിയിരുന്നു. ഏകദിന പരമ്പരയിലെ നിര്‍ണായകമത്സരത്തിലെ സെഞ്ചുറി പ്രകടനം കൊണ്ട് ഈ പ്രവചനം യാഥാര്‍ഥ്യമാക്കാന്‍ സഞ്ജുവിനായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ നടത്തിയ ഈ പ്രകടനമാണ് ടി20 ടീമിലേയ്ക്ക് താരത്തിന് വീണ്ടും വാതില്‍ തുറന്ന് നല്‍കിയത്. ദക്ഷിണാഫ്രിക്കന്‍ പര്യടന സമയത്ത് ഡിവില്ലിയേഴ്‌സ് പറഞ്ഞത് പോലെ അഫ്ഗാന്‍ പര്യടനത്തിലും സഞ്ജു തിളങ്ങുമെന്ന പ്രവചനം സത്യമാകട്ടെ എന്നാണ് സഞ്ജു ആരാധകരും പറയുന്നത്. ഡിവില്ലിയേഴ്‌സിന്റെ വാക്കുകള്‍ ഇങ്ങനെ.
 
ഞാന്‍ സഞ്ജുവിന്റെ വലിയൊരു ആരാധകനാണ്. മനോഹരമായ ക്രിക്കറ്ററാണ് സഞ്ജുവെന്ന് ഞാന്‍ കരുതുന്നു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി വര്‍ഷങ്ങളായി മികച്ച പ്രകടനമാണ് സഞ്ജു നടത്തുന്നത്. അഫ്ഗാനെതിരായ പരമ്പരയിലൂടെ സഞ്ജു ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചെത്തിയത് വലിയ സന്തോഷം നല്‍കുന്നു. ഡിവില്ലിയേഴ്‌സ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article