Shreyas Iyer:ഷോർട്ട് ബോളുകൾക്കെതിരെ വെറും പൂച്ച, ടെക്നിക് മെച്ചപ്പെടുത്തി വരാൻ ശ്രേയസിനോട് ബിസിസിഐ, രഞ്ജിയിൽ മുംബൈയ്ക്കായി കളിക്കും

അഭിറാം മനോഹർ

ബുധന്‍, 10 ജനുവരി 2024 (18:08 IST)
ഏകദിന ലോകകപ്പില്‍ മെച്ചപ്പെട്ട പ്രകടനം നടത്തിയിരുന്നെങ്കിലും ഏറെ കാലമായി ഇന്ത്യന്‍ താരമായ ശ്രേയസ് അയ്യരുടെ ഷോര്‍ട്ട് ബോള്‍ കളിക്കുന്നതിലെ ദൗര്‍ബല്യം ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരുന്നു. ലോകകപ്പില്‍ ഈ ബുദ്ധിമുട്ട് മറച്ചുവെയ്ക്കാനായെങ്കിലും ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തോട് കൂടി താരത്തിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ സ്ഥാനം തുലാസിലായിരിക്കുകയാണ്. ടി20 ക്രിക്കറ്റ് മെറ്റീരിയലായി ബിസിസിഐ ശ്രേയസിനെ പരിഗണിക്കുന്നില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ മികവ് തെളിയിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടതായാണ് ക്രിക്കറ്റ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
 
ഇതോടെ അഫ്ഗാനെതിരായ ടി20 ടീമില്‍ നിന്നും താരത്തിന് അവസരം നഷ്ടമായി. ഷോര്‍ട്ട് ബോളുകള്‍ക്കെതിരെ ദൗര്‍ബല്യം പരിഹരിക്കാനായി രഞ്ജി ക്രിക്കറ്റില്‍ മുംബൈ ടീമിനൊപ്പം ശ്രേയസ് ഉടനെ തന്നെ ചേരുമെന്നാണ് അറിയുന്നത്. ദക്ഷിണാഫ്രിക്കന്‍ പിച്ചില്‍ 31,6,0,4* എന്നിങ്ങനെയായിരുന്നു താരത്തിന്റെ പ്രകടനം. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് മത്സരങ്ങള്‍ നടക്കുന്നതിന് മുന്‍പ് തന്നെ ഷോര്‍ട്ട് ബോളിലെ പ്രശ്‌നം പരിഹരിക്കണമെന്നാണ് ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന രഞ്ജി മത്സരങ്ങളില്‍ കളിച്ച ശേഷമാകും ശ്രേയസ് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ജോയിന്‍ ചെയ്യുക. സ്പിന്‍ ബൗളിനെ കളിക്കാന്‍ അസാമാന്യ മികവുള്ള താരമെന്ന നിലയില്‍ ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ശ്രേയസ് ടീമില്‍ സ്ഥാനം നിലനിര്‍ത്തിയേക്കും. എന്നാല്‍ ടി20 ലോകകപ്പ് ടീമില്‍ ഇടം നേടാനായി ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം തന്നെ താരം നടത്തേണ്ടതായി വരും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍