അച്ചടക്കനടപടിയാണെന്ന് ആര് പറഞ്ഞു? എന്തുകൊണ്ട് കിഷനെ ഒഴിവാക്കിയെന്ന ചോദ്യത്തിന് മറുപടിയുമായി ദ്രാവിഡ്

അഭിറാം മനോഹർ

വ്യാഴം, 11 ജനുവരി 2024 (16:30 IST)
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ വിശ്രമം ആവശ്യപ്പെട്ട് ടീമില്‍ നിന്നും മാറിനിന്ന ഇഷാന്‍ കിഷന്‍ അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും എന്തിന് ഒഴിവാക്കിയെന്ന ചോദ്യത്തിന് മറുപടി നല്‍കി ഇന്ത്യന്‍ ടീം പരിശീലകനായ രാഹുല്‍ ദ്രാവിഡ്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ മാനസികമായി തളര്‍ച്ച അനുഭവപ്പെട്ടെന്നും ടീമില്‍ നിന്നും ഇടവേള ആവശ്യമാണെന്നും വ്യക്തമാക്കിയ ഇഷാന്‍ കിഷന്‍ പിന്നീട് ദുബായില്‍ വെച്ച് സഹോദരന്റെ ബര്‍ത്ത് ഡേ പാര്‍ട്ടിയിലും പിന്നീട് ടിവി ഷോയിലും പങ്കെടുത്തത് സെലക്ടര്‍മാരെ ചൊടുപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
 
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് ടീമില്‍ നിന്നും ഇഷാന്‍ കിഷന്‍ പിന്മാറിയതിനെ തുടര്‍ന്ന് കെ എസ് ഭരതിനെയായിരുന്നു ഇന്ത്യ ടെസ്റ്റ് ടീമിന്റെ റിസര്‍വ് കീപ്പറായി ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതിലെല്ലാമുള്ള അതൃപ്തി കൊണ്ടാണോ ഇഷാനെ അഫ്ഗാന്‍ പരമ്പരയില്‍ നിന്നും ഒഴിവാക്കിയതെന്ന ചോദ്യത്തിനാണ് ദ്രാവിഡ് മറുപടി നല്‍കിയത്. എന്നാല്‍ പുറത്തുവന്ന വാര്‍ത്തകളെല്ലാം ദ്രാവിഡ് തള്ളികളഞ്ഞു. വിശ്രമം ആവശ്യപ്പെട്ടാണ് ഇഷാന്‍ ടീം വിട്ടതെന്നും വീണ്ടും സെലക്ഷന് തയ്യാറാണെന്ന് ഇഷാന്‍ ഇതുവരെയും അറിയിച്ചിട്ടില്ലെന്നും ദ്രാവിഡ് വ്യക്തമാക്കി. അത്തരത്തിലുള്ള ഒരു തീരുമാനം അറിയിക്കുകയാണെങ്കില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോമും ഫിറ്റ്‌നസും തെളിയിച്ചാല്‍ ഇഷാന് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താവുന്നതെയുള്ളുവെന്നും ദ്രാവിഡ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍