Rashid Khan: ഇന്ത്യൻ ടീമിന് ആശ്വസിക്കാം, ടി20 പരമ്പരയ്ക്കുള്ള അഫ്ഗാൻ ടീമിൽ നിന്നും റാഷിദ് ഖാൻ പുറത്ത്

അഭിറാം മനോഹർ

ബുധന്‍, 10 ജനുവരി 2024 (16:15 IST)
ഇന്ത്യക്കെതിരായ മൂന്ന് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ നിന്നും പിന്മാറി അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. നവംബറില്‍ നടുവിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ റാഷിദ് ഖാന്‍ പൂര്‍ണമായും ഫിറ്റ്‌നസ് കൈവരിച്ചിട്ടില്ല. ഇതോടെയാണ് പരമ്പരയില്‍ നിന്നും താരം പുറത്തായത്. ഇന്ത്യക്കെതിരെ റാഷിദ് ഖാന്റെ അസ്സാന്നിധ്യം അഫ്ഗാന്‍ ടീമിനെ ബാധിക്കുമെന്ന് ഉറപ്പാണ്. ഇതിന്റെ നിരാശ ആദ്യ മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അഫ്ഗാന്‍ നായകന്‍ ഇബ്രാഹിം സദ്രാന്‍ മറച്ചുവെച്ചില്ല.
 
റാഷിദ് പൂര്‍ണ്ണമായും ഫിറ്റല്ലെന്നും റാഷിദ് ഇല്ലാതെ ഇന്ത്യയെ നേരിടുക പ്രയാസമാണെങ്കിലും സാഹചര്യത്തിനനുസരിച്ച് പൊരുതാന്‍ ടീമിനാകുമെന്ന പ്രതീക്ഷ അഫ്ഗാന്‍ നായകന്‍ പ്രകടിപ്പിച്ചു. നാളെ മൊഹാലിയില്‍ ഇന്ത്യന്‍ സമയം ഏഴിനാണ് ഇന്ത്യയും അഫ്ഗാനും തമ്മിലുള്ള ആദ്യ ടി20 മത്സരം നടക്കുക. ജനുവരി 14,17 തീയ്യതികളിലാണ് പരമ്പരയിലെ രണ്ടും മൂന്നും മത്സരങ്ങള്‍. 25കാരനായ റാഷിദ് ഖാന്‍ 82 രാജ്യാന്തര ടി20 മത്സരങ്ങളില്‍ നിന്നും 130 വിക്കറ്റുകള്‍ അഫ്ഗാനായി നേടിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍