Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

രേണുക വേണു

ചൊവ്വ, 9 ജനുവരി 2024 (18:15 IST)
Ishan Kishan: 'എവിടെയാണ് ഇഷാന്‍ കിഷന്‍?' അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം ചോദിക്കുകയാണ്. ഒരു സമയത്ത് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായിരിക്കുമെന്ന് ബിസിസിഐ പോലും ഉറപ്പിച്ച താരമാണ്. ഇപ്പോള്‍ ഇതാ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമില്‍ ഇടമില്ലാതെ പുറത്ത് നില്‍ക്കുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ അവസാനത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലാണ് കിഷന്‍ അവസാനമായി കളിച്ചത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന, ട്വന്റി 20 പരമ്പരകള്‍ക്കുള്ള ടീമില്‍ ഇഷാന് സ്ഥാനമുണ്ടായിരുന്നില്ല. ദക്ഷിണാഫ്രിക്കയ്ക്കുള്ള ടെസ്റ്റ് ടീമില്‍ ഉണ്ടായിരുന്നെങ്കിലും തന്നെ ഒഴിവാക്കണമെന്ന് ഇഷാന്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു. അതിനുശേഷം താരത്തെ കുറിച്ച് ഒരു വിവരവും ഇല്ല. 
 
മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇഷാന്‍ കിഷന്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് മാറിനിന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിസിസിഐയോട് താരം ഒരു മാസത്തെ വിശ്രമം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ ഇടവേള സമയത്താണ് അമിതാഭ് ബച്ചന്‍ അവതാരകനായി എത്തുന്ന 'കോന്‍ ബനേഗ ക്രോര്‍പതി' എന്ന ടെലിവിഷന്‍ ഷോയില്‍ ഇഷാന്‍ പ്രത്യക്ഷപ്പെട്ടത്. ടീം മാനേജ്‌മെന്റിന്റെ അനുവാദമില്ലാതെയാണ് ഇഷാന്‍ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതെന്നും ഇത് മാനേജ്‌മെന്റിന്റെ അനിഷ്ടത്തിനു കാരണമായെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ടീമില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ഇതുമാത്രമല്ല കാരണമെന്ന് ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

Read Here: കോലിയെ പുറത്താക്കണമെന്ന് സെലക്ഷൻ കമ്മിറ്റി, ഒരിഞ്ച് മാറാതെ കോലിയ്ക്കായി വാശിപ്പിടിച്ചത് രോഹിത്
 
ഡിസംബര്‍ 17 നു ടീമില്‍ നിന്ന് വിട്ടിട്ട് ഇതുവരെ ബിസിസിഐയുമായി ഇഷാന്‍ കിഷന്‍ ആശയവിനിമയം നടത്തിയിട്ടില്ല. എപ്പോള്‍ മുതല്‍ താന്‍ കളിക്കാന്‍ തയ്യാറാണെന്ന് കിഷന്‍ മാനേജ്‌മെന്റിനെ അറിയിക്കാത്തതാണ് ഇപ്പോഴത്തെ മാറ്റിനിര്‍ത്തലിനുള്ള കാരണമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ട്വന്റി 20 ലോകകപ്പ് പദ്ധതികളില്‍ ഇഷാന്‍ കിഷനെ ഉള്‍പ്പെടുത്തുമോ എന്നത് പോലും ഇപ്പോള്‍ അനിശ്ചിതത്വത്തില്‍ ആണ്. 
 
രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡ് ടീമിനു വേണ്ടിയാണ് ഇഷാന്‍ കളിക്കുന്നത്. രഞ്ജിയിലെ ആദ്യ റൗണ്ട് മത്സരങ്ങള്‍ ഇഷാന്‍ കളിച്ചിട്ടില്ല. രണ്ടാം റൗണ്ട് മത്സരങ്ങള്‍ കളിക്കുമോ എന്ന കാര്യത്തിലും ഉറപ്പില്ല. ജാര്‍ഖണ്ഡ് ടീമിലെ ചില താരങ്ങള്‍ ഇഷാനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ലെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ക്രിക്കറ്റില്‍ നിന്ന് പൂര്‍ണമായി താരം ഇടവേളയെടുത്തിരിക്കുകയാണോ എന്ന് ചോദ്യം ഉയരുന്നുണ്ട്. റിഷഭ് പന്ത് കൂടി മടങ്ങിയെത്തുന്നതോടെ ടീമില്‍ സ്ഥാനം ഉറപ്പിക്കാനുള്ള ഇഷാന്‍ കിഷന്റെ സാധ്യതകള്‍ മങ്ങുകയാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍