കോലി മോശം, ഹർമൻ കൊള്ളാമെന്നോ?, ഡേയ്.. ഇരട്ടത്താപ്പ് കാണിക്കാതെ, സഞ്ജയ് മഞ്ജരേക്കറിനെതിരെ ആരാധകർ
ഞായറാഴ്ച ഷാര്‍ജയില്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന നിര്‍ണായക ലോകകപ്പ് മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ തോല്‍വി ഏറ്റുവാങ്ങിയിരിന്നു. ഫൈനല്‍ ഓവറില്‍ 14 റണ്‍സ് വിജയിക്കാന്‍ വേണമെന്നിരിക്കെ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ ക്രീസിലുണ്ടായിരുന്നിട്ടും ഇന്ത്യയെ വിജയത്തിലേക്കെത്തിക്കാന്‍ ഹര്‍മാന് സാധിച്ചിരുന്നില്ല. മത്സരത്തില്‍ അര്‍ധസെഞ്ചുറിയുമായി ഇന്ത്യയുടെ ടോപ് സ്‌കോറര്‍ ആയെങ്കിലും ഫൈനല്‍ ഓവറില്‍ ഹര്‍മന്‍ വാലറ്റക്കാര്‍ക്ക് സ്‌ട്രൈക്ക് കൈമാറിയത് വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.
ഹര്‍മന്‍ പ്രീത് കൗര്‍ എന്ന സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ മത്സരം ഫിനിഷ് ചെയ്യാനുള്ള ചുമതല വാലറ്റക്കാര്‍ക്ക് നല്‍കിയതാണ് ആരാധകരെ ചൊടുപ്പിച്ചത്. എന്നാല്‍ മത്സരത്തിന് പിന്നാലെ ടീം ഇന്ത്യയെയും ഹര്‍മന്‍ പ്രീതിന്റെ പ്രകടനത്തെയും പിന്തുണച്ചുകൊണ്ട് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ രംഗത്തുവന്നു. ഇന്ത്യയല്ലാതെ മറ്റൊരു ടീമും ഓസീസിന് ഇത്രയും കടുത്ത മറ്റ്ഷരം നല്‍കില്ലെന്നും ബുദ്ധിമുട്ടേറിയ പിച്ചില്‍ മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിയതെന്നും മഞ്ജരേക്കര്‍ പറയുന്നു. ഹര്‍മാന്‍ ഒരു താരമാണെന്ന് വീണ്ടും തെളിയിച്ചെന്നും എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ മഞ്ജരേക്കര്‍ കുറിച്ചു.
എന്നാല്‍ കളി വിജയിപ്പിക്കാതെ അടുത്തുവരെ കൊണ്ടെത്തിച്ച് കാര്യമില്ലെന്നും ഒഴികഴിവുകള്‍ പറയുകയാണ് മഞ്ജരേക്കര്‍ ചെയ്യുന്നതെന്നും ആരാധകര്‍ പറയുന്നു. അതേസമയം ടി20 ലോകകപ്പ് ഫൈനലിലെ വിരാട് കോലിയെ കുറ്റം പറഞ്ഞ അതേ മഞ്ജരേക്കര്‍ തന്നെയാണോ ഇപ്പോള്‍ ഹര്‍മനെ പുകഴ്ത്താന്‍ വന്നിരിക്കുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. മഞ്ജരേക്കര്‍ക്ക് മാത്രമാകും ഹര്‍മന്റെ പ്രകടനത്തെ പുകഴ്ത്താന്‍ പറ്റുകയുള്ളുവെന്നും ഇത് പുരുഷ ടീമായിരുന്നുവെങ്കില്‍ മഞ്ജരേക്കര്‍ കുറ്റം പറഞ്ഞ് തളര്‍ന്നേനെയെന്നും ആരാധകര്‍ പറയുന്നു. വനിതാ ടീമിന് ഇങ്ങനെ ഒഴികഴിവ് പറയുന്നത് കൊണ്ടാണ് ഐസിസി കിരീടങ്ങള്‍ നേടാന്‍ സാധിക്കാത്തതെന്നും എക്‌സില്‍ ആരാധകര്‍ പറയുന്നു.