ശ്രീലങ്കക്കെതിരായ ഇന്ത്യൻ വനിതകളുടെ വിജയത്തിന് പിന്നിൽ മലയാളി കരുത്തും, 3 വിക്കറ്റുകളുമായി തിളങ്ങി ആശ ശോഭന

അഭിറാം മനോഹർ

വ്യാഴം, 10 ഒക്‌ടോബര്‍ 2024 (12:59 IST)
Indian womens team
വനിതാ ടി20 ലോകകപ്പില്‍ തങ്ങളുടെ തുടര്‍ച്ചയായ രണ്ടാം വിജയം നേടി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 172/3 എന്ന മികച്ച സ്‌കോര്‍ സ്വന്തമാക്കിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് 90 റണ്‍സ് മാത്രമാണ് നേടാനായത്. നേരത്തെ ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20യില്‍ പരാജയപ്പെട്ട ഇന്ത്യയ്ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് ഈ വിജയം.
 
പാകിസ്ഥാനെതിരെ വിജയിച്ചെങ്കിലും ടൂര്‍ണമെന്റില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ശ്രീലങ്കയ്‌ക്കെതിരെ വലിയ വിജയം ഇന്ത്യയ്ക്ക് ആവശ്യമായിരുന്നു. ഗ്രൂപ്പില്‍ ശേഷിക്കുന്ന അവസാന മത്സരം കരുത്തരായ ഓസ്‌ട്രേലിയക്കെതിരെയാണ്.ഇതില്‍ വിജയിച്ചെങ്കില്‍ മാത്രമെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറാന്‍ ഇന്ത്യന്‍ സംഘത്തിനാവുകയുള്ളു.
 
ശ്രീലങ്കയ്‌ക്കെതിരെ ടോസ് നേടി ബാറ്റിംഗ് തെരെഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഷെഫാലി വര്‍മയും സ്മൃതി മന്ദാനയും ചേര്‍ന്ന് നല്‍കിയത്. ഷെഫാലി വര്‍മ 43 റണ്‍സിനും സ്മൃതി മന്ദാന 38 പന്തില്‍ 50 റണ്‍സിനും പുറത്തായ. ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ 27 പന്തില്‍ 52 റണ്‍സുമായി തിളങ്ങിയതോടെയാണ് ഇന്ത്യ മികച്ച നിലയിലെത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കന്‍ നിരയില്‍ കവിഷ ദില്‍ഹാരിയും അനുഷ്‌ക സഞ്ജീവനിയും മാത്രമാണ് 20ന് മുകളില്‍ സ്‌കോര്‍ ചെയ്തത്. ഇന്ത്യയ്ക്കായി മലയാളി താരം ആശ ശോഭന 4 ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുനല്‍കി 3 വിക്കറ്റുകള്‍ സ്വന്തമാക്കി. അരുന്ധതി റെഡ്ഡിയും 3 വിക്കറ്റ് നേടി. രേണുക സിംഗ് താക്കൂര്‍ 2 വിക്കറ്റും ശ്രേയങ്ക പാട്ടീല്‍,ദീപ്തി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍